

റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്‌കിലെ പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട നിയമ സാധുതയെക്കുറിച്ച് അഡ്വ. ഇർഫാൻ ഇബ്രാഹിം സേട്ട് വിശദീകരിക്കുന്നു,
കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഇന്ന് ചാനൽ സ്റ്റുഡിയോയിൽ നടത്തിയ റെയ്ഡ് അക്ഷരാർത്ഥത്തിൽ നിയമവിരുദ്ധമാണ് എന്ന് പറയാൻ കഴിയുന്ന ഒന്നാണ്. ഇത്തരമൊരു സെർച്ച് / റെയ്ഡ് നടത്തുമ്പോൾ അന്വേഷണ ഏജൻസി (ഇവിടെ പോലീസ് / എസ്ഐടി) പാലിക്കേണ്ട പല നടപടി ക്രമങ്ങളും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നതും വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ഭരണഘടനാവകാശ ലംഘനങ്ങളാണ് എന്നതും വ്യക്തമാണ്.
അവയെല്ലാം റിപ്പോർട്ടർ ചാനലിലൂടെയും പൊലീസ് ഉദ്യോഗസ്ഥർ മറ്റ് ചാനലുകൾക്ക് നൽകിയ പ്രതികരണങ്ങളിലൂടെയും വ്യക്തമാണ്. അവയിൽ പ്രധാനപ്പെട്ട ചിലത് നമുക്ക് പരിശോധിക്കാം.
പൊലീസിന്റെ സിനിമാ സ്റ്റൈൽ എൻട്രി
പുലർച്ചെ ആറ് മണിയ്ക്ക് മുൻപായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ എ ആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാർ ഉൾപ്പടെയുള്ള വൻ പൊലീസ് സംഘം റിപ്പോട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിലും ഡിജിറ്റൽ ജേണലിസ്റ്റുകളുടെ വർക്ക് സ്‌പേസിലേക്കും ഇരച്ചെത്തുന്നു. ഇതിന് ശേഷം അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് തങ്ങളുടെ ഫോണുകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ ഗാഡ്ജറ്റ്സ് സറണ്ടർ ചെയ്യുവാൻ ആവശ്യപ്പെടുന്നു. അത്തരത്തിൽ ആവശ്യപ്പെടാൻ പൊലീസിനോ ഏതെങ്കിലും ഒരു അന്വേഷണ ഏജൻസിയ്‌ക്കോ ഭരണഘടനാപരമായി യാതൊരുവിധ അധികാരവും ഇല്ലാത്തതാണ്.
പൊലീസ് എത്തിയത് ഫയലുകളും ആവശ്യമെങ്കിൽ ഡിജിറ്റൽ രേഖകൾ ഉൾപ്പടെയുള്ളവ പരിശോധിക്കുവാൻ വേണ്ടിയാണ്. അവയെല്ലാം സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളവയാണ്. അതിന് സ്ഥാപന ജീവനക്കാരുടെ ഫോണുകൾ പിടിച്ച് വെയ്ക്കാൻ പൊലീസിന് അധികാരമില്ല. റെയ്ഡിന്റെ രഹസ്യ സ്വഭാവം ചോരാതിരിക്കാൻ വേണ്ടിയാണെന്ന കേവലമായ അവകാശവാദം ഉന്നയിക്കാമെങ്കിലും ലൈവ് ബുള്ളറ്റിൻ ഉള്ള സമയത്ത് ആണെങ്കിൽ ചാനൽ ഫ്ലോറിലെ കാര്യങ്ങൾ ലൈവ് ചെയ്യുമെന്ന സാമാന്യ ബോധം ഇല്ലാത്ത ആളാണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു വാദം കമ്പനി കോടതിയിൽ ഉന്നയിച്ചാൽ പൊലീസ് വാദം പൊളിഞ്ഞു വീഴും.
Search Warrent
സ്ഥാപനത്തിൽ സെർച്ച് ചെയ്യാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ അവിടെ ചുമതലയിൽ ഉണ്ടായിരുന്ന ആളുകൾക്ക് സെർച്ച് വാറണ്ട് കാണിച്ച ശേഷം മാത്രമേ സെർച്ച് ചെയ്യാൻ അധികാരമുള്ളൂ. എന്നാൽ സെർച്ച് തുടങ്ങി ഏറെ നേരത്തിന് ശേഷം പലയാവർത്തി ആവശ്യപ്പെട്ടതിന് ശേഷം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ സെർച്ച് വാറണ്ട് ജീവനക്കാർക്കോ ബന്ധപ്പെട്ടവർക്കോ കാണിച്ച് കൊടുക്കാൻ തയ്യാറായത്.
Search Premises
പൊലീസ് സമ്പാദിച്ച സെർച്ച് വാറണ്ട് പ്രകാരം കമ്പനിയുടെ (മാതൃസ്ഥാപനമായ RBC യുടെ) ഓഫീസും ഫയലുകളും പരിശോധിക്കുവാനും ആവശ്യമെങ്കിൽ അന്വേഷണത്തിന്റെ ഭാഗമായി അവ പിടിച്ചെടുക്കുവാനും സെർച്ച് വാറണ്ട് ഉണ്ട് എന്നതാണ്. അത്തരമൊരു സെർച്ച് വാറണ്ട് ഉണ്ടെങ്കിൽ തന്നെ അതിൽ വ്യക്തമായി Search Premises ഏതാണെന്ന് പറയേണ്ടതുണ്ട്. പൊലീസിന്റെ കൈവശമുള്ള സെർച്ച് വാറണ്ടിൽ എഴുതിയിരിക്കുന്നത് റിപ്പോർട്ടർ സ്റ്റുഡിയോ കോംപ്ലക്സ് എന്നാണ്. അതിനർത്ഥം Search Premises ഏതാണെന്ന് സ്പെസിഫിക്കലി എടുത്ത് പറയാതെയാണ് അത്തരമൊരു വാറണ്ട് സമ്പാദിച്ചത് / അല്ലെങ്കിൽ അതിനായി അപേക്ഷ നൽകിയത് എന്നതാണ്. അവ്യക്തമായ വാറണ്ട് എന്നത് കൊണ്ട് തന്നെ ഉദ്ദേശം സ്റ്റുഡിയോ കോംപ്ലക്സിനെ ലക്ഷ്യം വെച്ചുള്ളതാണെന്നത് വ്യക്തമാണല്ലോ.
കൺസൾട്ടിംഗ് എഡിറ്ററോട് ഒപ്പിട്ട് തരാൻ ആവശ്യപ്പെട്ടത്
സെർച്ച് വാറണ്ട് / അനുബന്ധ രേഖ കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാറിനോട് സെർച്ച് ടീമിന്റെ തലവനായുള്ള എസിപി ആവശ്യപ്പെടുമ്പോൾ ആ രേഖ വാങ്ങിയ ശേഷം ചീഫ് എഡിറ്റർ അത് വായിക്കുന്നുണ്ട്. അതിൽ "അഡ്‌മിസ്‌നൈട്രേറ്റിവ് ബ്ലോക്ക് സെർച്ച് ചെയ്യുന്നതിന് കെട്ടിടങ്ങൾ തുറന്ന് നൽകി സഹകരിക്കണമെന്ന് അറിയിക്കുന്നു" എന്നാണുള്ളത്. അപ്പോൾ Search Premises ഏതാണ് എന്നത് വ്യക്തമായി ഡിഫൈൻ ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയെങ്കിൽ ന്യൂസ് റൂമിലും സ്റ്റുഡിയോ ഫ്ലോറിലും കയറിയത് എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊലീസിന്റെ സെർച്ച് പാർട്ടി തലവനായ എസിപി വ്യക്തമാക്കേണ്ടതുണ്ട്.
കേസിലെ എഫ്ഐആർ
കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടാം കുറ്റാരോപിതനായ വ്യക്തി (നിയമപരമായി കമ്പനി എന്നത് ഒരു വ്യക്തിയാണ്) Broadcasting Private Limited Company ആണ്. സ്ഥാപനത്തിന്റെ രജിസ്‌ട്രേഡ് ഓഫീസ് എന്ന നിലയിൽ രേഖകൾ പരിശോധിക്കാൻ അന്വേഷണ ഏജൻസിയ്ക്ക് അധികാരം കോടതി വാറണ്ടിലൂടെ നൽകിയിട്ടുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ഭാഗമല്ലാത്ത, അതേ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന ന്യൂസ് റൂമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ അന്വേഷണ ഏജൻസിയ്ക്ക് അധികാരമില്ലാത്തതാണ്.
ഡെസ്ക് പ്രവർത്തനത്തെ തടസപ്പെടുത്തിയത്
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) ഉറപ്പുനൽകുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ (Freedom of Speech and Expression) ഒരു ഭാഗമായി തന്നെയാണ് മാധ്യമ പ്രവർത്തനത്തെ സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുള്ളത്. ബഹു. സുപ്രീം കോടതി, കെ എസ് പുട്ടസ്വാമി കേസിൽ പ്രസ്താവിച്ച വിധിപ്രകാരം Principle of Proportionality-യുടെ അടിസ്ഥാനത്തിൽ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായതിനാൽ, അന്വേഷണത്തിന് ആവശ്യമുള്ള ഡാറ്റ മാത്രമേ ഏജൻസികൾ ശേഖരിക്കാവൂ എന്നുണ്ട്. ഇതിന് വിരുദ്ധമായാണ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതും അതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയെന്ന് മാധ്യമ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്ന ഭീഷണിയും.
ഡിജിറ്റൽ ഡെസ്കിൽ നടത്തിയ പരിശോധന
വാർത്തകൾ കൈകാര്യം ചെയ്യുന്ന ഡിവൈസുകൾ, കംപ്യൂട്ടറുകൾ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി, വിവരശേഖരണം നടത്തി എന്നാണ് അറിയുന്നത്. ഇതും നിയമപരമായി തെറ്റാണ്. സ്രോതസ്സുകൾ വെളിപ്പെടുത്തേണ്ടി വരുമെന്ന ഭയം വിവരദാതാക്കളിൽ Chilling Effect ഉണ്ടാക്കുകയും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെ ഇത് ഇല്ലാതാക്കുകയും വാർത്തയുടെ Source വെളിപ്പെടുത്താൻ നിർബന്ധിക്കുന്നത് മാധ്യമപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് 2021-ൽ പെഗാസസ് കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഈ വിധിയും / നിർദ്ദേശവും പൊലീസ് ഡിജിറ്റൽ ഡെസ്കിൽ പരിശോധന നടത്തിയതിലൂടെ ലംഘിച്ചിരിക്കുകയാണ്.
മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്തത്
പരിശോധനയ്ക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ വനിതാ മാധ്യമ പ്രവർത്തകരുടെ ഉൾപ്പടെ ഫോണുകൾ പിടിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ നാം കണ്ടതാണ്. ഇത് ബഹു. ഹൈക്കോടതി നിർദ്ദേശത്തിന്റെ ലംഘനമാണ്. 2023-ൽ ബഹു. കേരളാ ഹൈക്കോടതി 'ജി വിശാഖൻ vs സ്റ്റേറ്റ് ഓഫ് കേരള' എന്ന കേസിൽ സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നടത്തിയ വിധിപ്രസ്താവത്തിൽ, മാധ്യമപ്രവർത്തകരുടെ ഫോണുകളും ഉപകരണങ്ങളും പൊലീസിന് തോന്നുംപടി പിടിച്ചെടുക്കാൻ കഴിയില്ലെന്നും അത്തരത്തിലുള്ള പൊലീസ് നടപടി ഭരണഘടനാ ഉറപ്പ് നൽകുന്ന മാധ്യമ പ്രവർത്തകരുടെ അവകാശലംഘനമാണെന്നും കൃത്യമായി പറയുന്നുണ്ട്. കൂടാതെ, ഒരു കേസിൽ പ്രതിയോ കുറ്റാരോപിതനോ അല്ലാത്ത ഒരു മാധ്യമപ്രവർത്തകന്റെ മൊബൈൽ ഫോൺ, കേവലം എന്തെങ്കിലും വിവരം ലഭിച്ചു എന്നതിന്റെ പേരിൽ പിടിച്ചെടുക്കാൻ പൊലീസിന് അവകാശമില്ലെന്നും ഇതേ കേസിൽ ബഹു. കോടതി വ്യക്തമാക്കുന്നുണ്ട്.
2023-ൽ തന്നെ Foundation for Media Professionals v. Union of India കേസിൽ ബഹു. സുപ്രീംകോടതിയുടെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നടത്തിയ നിരീക്ഷണപ്രകാരം, വ്യക്തമായ വാറന്റോ മാനദണ്ഡങ്ങളോ ഇല്ലാതെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിൽ അന്വേഷണ ഏജൻസികൾക്ക് അനിയന്ത്രിതമായ അധികാരം നൽകാനാവില്ലെന്നും, വ്യക്തമായ വാറന്റും മാർഗ്ഗനിർദ്ദേശങ്ങളും ഇല്ലാത്ത ഇത്തരം പിടിച്ചെടുക്കലുകൾ Article 21 പ്രകാരം Right to Privacy എന്ന അവകാശത്തിന്മേലുള്ള ലംഘനമാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ട്.
2024-ൽ O Abdurahman & Anr. v. State of Kerala, (Crl.MC No. 11077 of 2024) എന്ന കേസിൽ ബഹു. കേരളാ ഹൈക്കോടതി, ജസ്റ്റിസ് കെ വി ജയകുമാർ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല വിധിയിൽ, വാർത്താ സ്രോതസ്സ് ചോദിക്കുന്നതും ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും ആർട്ടിക്കിൾ 19(1)(a) പ്രകാരമുള്ള മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമധർമ്മത്തിനും മേലുള്ള കടുത്ത കടന്നുകയറ്റമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.
അപ്പോൾ പറഞ്ഞു വന്നത്, മുഖ്യമന്ത്രിയുടെ അധികാര പരിധിയ്ക്കും കീഴിലും ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നിയന്ത്രണത്തിലുമുള്ള, തൃക്കാക്കര എസിപി ശ്രീ ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ, അന്വേഷണത്തിന്റെ ഭാഗമെന്ന പേരിട്ട് റിപ്പോർട്ടർ ടിവി സ്റ്റുഡിയോയിൽ നടത്തിയ റെയ്ഡും ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടുകെട്ടാനുള്ള നീക്കങ്ങളും കേവലം ഒരു മാധ്യമ സ്ഥാപനത്തിനെതിരെയുമുള്ള നടപടിയല്ല; മറിച്ച് ജനാധിപത്യത്തിന്റെ നാലാം തൂണിന് നേരെ ഉയരുന്ന ഗുരുതരമായ ഭീഷണിയാണ്.
നിയമസാധുതയില്ലാത്ത ഈ നടപടികൾക്കെല്ലാം അന്വേഷണ ഏജൻസിയും ഉദ്യോഗസ്ഥരും നിയമസംവിധാനത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും. അന്വേഷണത്തിന്റെ പേരിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും വാർത്താ സ്രോതസ്സുകൾ കൈവശമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും (Article 19(1)(a)) വ്യക്തിസ്വാതന്ത്ര്യത്തിന്റെയും (Article 21) നഗ്നമായ ലംഘനമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് നിൽക്കേണ്ടതുണ്ട്.
Content Highlights: Advocate Irfan Ibrahim Sait explains the legal validity of the police inspection at Reporter TV's news desk