റേഷനരി മാത്രമല്ല, പച്ചരിയും ഗോതമ്പും അടക്കം കൊള്ളയടിക്കുന്നു; തട്ടിപ്പ് അധികൃതരുടെ കണ്‍മുന്നിൽ

പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ മില്ലുകളില്‍ എത്തിച്ച് പൊടിയാക്കി സ്വന്തം ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നതായും കണ്ടെത്തി

റേഷനരി മാത്രമല്ല, പച്ചരിയും ഗോതമ്പും അടക്കം കൊള്ളയടിക്കുന്നു; തട്ടിപ്പ് അധികൃതരുടെ കണ്‍മുന്നിൽ
dot image

തിരുവന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റേഷന്‍ അരി കരിഞ്ചന്ത മാഫിയക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കിയിട്ടും അനധികൃത ഇടപാടുകള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷന്‍ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ആക്കി വില്‍പ്പന നടത്തുന്ന കരിഞ്ചന്തക്കാരന്‍ കാര്‍ത്തികേയന്‍ റേഷന്‍ അരിക്ക് പുറമെ പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും അനധികൃതമായി ശേഖരിക്കുന്നതായി റിപ്പോര്‍ട്ടര്‍ എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി. ഇവ മില്ലുകളില്‍ എത്തിച്ച് അരിപ്പൊടിയും ഗോതമ്പ് പൊടിയുമാക്കി സ്വന്തം ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഈറ്റ് എന്‍ ജോയ് എന്ന സ്വന്തം ബ്രാന്‍ഡില്‍ തന്നെയാണ് കാര്‍ത്തികേയന്‍ അരിപ്പൊടി വില്‍ക്കുന്നത്. പൂവാറിലെ നിറപറ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള മില്ലില്‍ അരി പൊടിക്കുന്ന ജോലികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏര്‍പ്പെട്ടിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഊരമ്പില്‍ റേഷന്‍ അരിയുടെ അനധികൃത ഇടപാടുകള്‍ ഇപ്പോഴും സജീവമാണ്. തമിഴ്‌നാട്ടിലെ കൊല്ലങ്കോട് ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകള്‍ റേഷന്‍ അരി വില്‍പ്പനയ്ക്കായി എത്തുന്നതായാണ് വിവരം. കിലോയ്ക്ക് 25 രൂപ നിരക്കില്‍ അരി വാങ്ങുന്ന ബാബു ട്രേഡേഴ്‌സ് വഴിയാണ് അരി കരിഞ്ചന്തക്കാരുടെ ഗോഡൗണുകളിലേക്ക് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശോധന എത്ര ശക്തമാക്കിയാലും കരിഞ്ചന്തക്കാര്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി മാറും. കളിയിക്കാവിള, പാറശ്ശാല എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന ഗോഡൗണുകളെല്ലാം പൂട്ടി. കാരാളിയിലെ വീട്ടിൽ ബാത്റൂമിലും അടുക്കളയിലുമാണ് റേഷൻ അരി സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒമ്പത് ഗോഡൗണുകളാണ് പരിശോധിച്ചത്. ഇവിടെ നിന്നും 76 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തെന്നും നെയ്യാറ്റിന്‍കര സിവില്‍ സപ്ലൈസ് ഓഫീസര്‍ പ്രവീണ്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

കരിഞ്ചന്ത മാഫിയ സംഘത്തിന്റെ ഭീഷണികള്‍ നിരന്തരം വരുന്നുണ്ട് എന്നാല്‍ തങ്ങള്‍ അത് വകവയ്ക്കാറില്ല. ഗോഡൗണ്‍ സീല്‍ വച്ച് പൂട്ടാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും കേസെടുത്തു അന്വേഷണം നടത്തേണ്ടത് പൊലീസ് ആണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. പരിശോധന സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ജില്ലാ കളക്ടറിന് സമര്‍പ്പിക്കും. കഴിഞ്ഞ മൂന്നു മാസത്തിനിടെ 2500 ടണ്‍ റേഷന്‍ അരിയാണ് കരിഞ്ചന്തക്കാര്‍ കടത്തിയതെന്നും പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. റേഷന്‍ കടയില്‍ എത്തുന്ന ഗോതമ്പ് ചാക്കുകളില്‍ പാറക്കല്ലുകൾ ഉണ്ടാകും. പച്ചരിയുടെ ചാക്കുകളില്‍ 46 കിലോ അരി പോലും കാണില്ലെന്നും റേഷന്‍ ഉടമ റിപ്പോര്‍ട്ടര്‍ ടി വിയിലൂടെ വെളിപ്പെടുത്തിയിരുന്നു.

Content Highlight : ration rice fraud; other food grains are also being illegally stockpiled alongside ration rice

dot image
To advertise here,contact us
dot image