

കണ്ണൂര്‍: സിപിഐഎം തിരുത്തലിന് സന്നദ്ധമാകുമോ എന്നത് സംശയമാണെന്ന വിമര്‍ശനവുമായി പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ രംഗത്ത്. യഥാര്‍ത്ഥ തെറ്റിന് കാരണം കണ്ടെത്തിയാല്‍ മാത്രമേ തിരുത്താനാകു. ഇതുവരെ തിരുത്താനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിക്കെതിരായ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം എന്ന അഭിപ്രായം തനിക്കില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നേതൃത്വത്തിലുള്ളവരുടെ മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നാല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറാകണം. എന്നാല്‍ ഇവിടെ അതിന് പിണറായി തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതില്‍ എന്തോ കഴമ്പുണ്ട് എന്നായിരിക്കും വിശദീകരണം നല്‍കാത്ത കാലം വരെ പൊതുജനം കരുതുക എന്നാണ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്.
രാഷ്ട്രീയ പ്രേരിതമായ നിലപാട് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിപക്ഷത്തുള്ള നേതാക്കന്മാര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇഡിയുടെ പതിവ് രീതിയാണ്. പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ വിശ്വസിക്കാവുന്ന വിശദീകരണം പാര്‍ട്ടി നല്‍കണമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കില്‍ പ്രസ്ഥാനത്തിനെതിരെയും അന്വേഷണം വരും. പിണറായിയുടെ കുടുംബത്തിനെതിരായി വിമര്‍ശനം വരുമ്പോള്‍ എന്തിനാണ് പാര്‍ട്ടിക്കെതിരായ വിമര്‍ശനമായി കണക്കാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സിപിഐയെ ബോധ്യപ്പെടുത്തിയിട്ടില്ല. സിപിഐയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ പരസ്യമായി വിമര്‍ശനമുന്നയിക്കില്ലായിരുന്നു. മറ്റു കക്ഷികളെ ബോധ്യപ്പെടുത്തുക എന്നുള്ളത് മുന്നണിയുടെ ചുമതലയാണ്. മുന്നണി ഒറ്റക്കെട്ടായി അണിനിരക്കണമെങ്കില്‍ മുന്നണിക്ക് അകത്ത് സിപിഐഎം വിശദീകരണം നല്‍കണമെന്നും കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അങ്ങനെ ബോധ്യപ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ മുന്നണിക്ക് അകത്തെ പാര്‍ട്ടികള്‍ പറയുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം തിരുത്തല്‍ രേഖയില്‍ പരാമര്‍ശിക്കാത്തതില്‍ പ്രതികരിച്ച കുഞ്ഞികൃഷ്ണന്‍ കേന്ദ്രം കമ്മിറ്റിയുടെ വിലയിരുത്തലില്‍ നിന്ന് മാറുന്നു എന്ന് കുറ്റപ്പെടുത്തി. രേഖയെ തള്ളിപ്പറയുന്ന നിലപാട് സ്വീകരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പാര്‍ലമെന്ററി മോഹം എന്ന വിമര്‍ശനം എന്നാണ് സിപിഐഎം പറയുന്നത്. ഒരുപാട് നേതാക്കന്മാരുണ്ടായിട്ടും ഒന്നോ രണ്ടോ നേതാക്കന്മാര്‍ക്ക് ഇളവ് നല്‍കുന്നു. ഇതാണ് പാര്‍ലമെന്ററി മോഹം, അല്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത് തെറ്റല്ല എന്നും വി കുഞ്ഞികൃഷ്ണന്‍ മറുപടി നല്‍കി.
Content Highlights: Payyannur MLA V Kunjikrishnan questioned whether the CPI(M) is genuinely ready to undertake corrections, saying the actual reasons for mistakes must first be identified. He also said he does not believe the ED action involving Pinarayi Vijayan is politically motivated. Kunjikrishnan stressed that the leadership should provide clear explanations when allegations arise concerning family members of senior leaders.