TVK കേരള ഘടകത്തിനായി അവകാശവാദം; സതീഷ് തോന്നയ്ക്കലും ഫാന്‍സ് അസോസിയേഷനും നേര്‍ക്കുനേര്‍

കഴിഞ്ഞ ദിവസം സതീഷ് തോന്നയ്ക്കല്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 62 പേര്‍ പങ്കെടുത്തിരുന്നു

TVK കേരള ഘടകത്തിനായി അവകാശവാദം; സതീഷ് തോന്നയ്ക്കലും ഫാന്‍സ് അസോസിയേഷനും നേര്‍ക്കുനേര്‍
dot image

കൊച്ചി: കേരളത്തില്‍ ടിവികെ(തമിഴക വെട്രി കഴകം) പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തര്‍ക്കവുമായി രണ്ട് വിഭാഗങ്ങള്‍. കേരള ഘടകത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് കോര്‍ഡിനേറ്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് അവകാശപ്പെടുന്ന സതീഷ് തോന്നയ്ക്കലും വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുമാണ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇതുവരെയും ടിവികെയുടെ കേരള സംസ്ഥാന ഘടകം രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും അത്തരം പ്രഖ്യാപനങ്ങള്‍ കേന്ദ്ര നേതൃത്വമാണ് നടത്തുന്നതെന്നും ഇരുവിഭാഗവും പറയുന്നുണ്ട്. പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമേ പാര്‍ട്ടി രൂപീകരണം, ഭാരവാഹിത്വം എന്നിവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടക്കുകയുള്ളൂവെന്നും ഇവര്‍ പറയുന്നുണ്ട്.

സെപ്തംബര്‍ 13ന് ടിവികെ കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ എന്ന നിലയില്‍ സതീഷ് തോന്നയ്ക്കലിന്റെ നേതൃത്വത്തില്‍ ഒരു യോഗം എറണാകുളത്ത് നടന്നിരുന്നു. 62 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഈ യോഗത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വാദവുമായി മറുവിഭാഗം പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.

വിജയ് ഫാന്‍സ് അസോസിയേഷന്‍ നേതൃത്വത്തിന്റെ ഭാഗമായിരുന്ന സജി എന്ന വ്യക്തിയുടെ മരണത്തിന് ശേഷം ടിവികെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് ഔദ്യോഗികമായി ഒരു നിയമനവും ഉണ്ടായിട്ടില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ വിശദീകരണം. താന്‍ ഔദ്യോഗികമായി നിയമിക്കപ്പെട്ട പദവി വഹിക്കുന്ന വ്യക്തിയല്ലെന്ന് സതീഷും പറയുന്നു. അതേസമയം പാര്‍ട്ടിയുടെയും വിജയ്‌യുടെയും പേരില്‍ പണം പിരിയ്ക്കുന്നുവെന്ന ആരോപണം ഇരുവിഭാഗവും പരസ്പരം ഉന്നയിക്കുന്നുണ്ട്. ടിവികെയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സിനിമ സീരിയല്‍ മേഖലയിലുള്ളവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്ന നടപടികള്‍ സതീഷ് തോന്നയ്ക്കല്‍ നടത്തിവന്നിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടില്ലെന്നാണ് ഫാന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ പക്ഷം.

Content Highlights: A dispute has emerged over claims regarding the TVK Kerala unit, with Satheesh Thonnakkal and a Vijay fans association taking opposing positions. TVK’s Kerala organisational activities have been developing amid efforts to coordinate fan clubs and establish district and state-level structure

dot image
To advertise here,contact us
dot image