'മനുഷ്യന് ഉറങ്ങാന്‍ പറ്റണില്ല, എന്തര് ചെയ്യാന്‍'; പവര്‍കട്ടില്‍ വലഞ്ഞ് സാധാരണക്കാര്‍

പവർകട്ടിലെ ദുരിതം പറഞ്ഞ് വിവിധ ജില്ലകളില്‍ നിന്നുള്ള ജനങ്ങള്‍

'മനുഷ്യന് ഉറങ്ങാന്‍ പറ്റണില്ല, എന്തര് ചെയ്യാന്‍'; പവര്‍കട്ടില്‍ വലഞ്ഞ് സാധാരണക്കാര്‍
dot image

കൊച്ചി: കൊടുംചൂട്, കൊതുക്, പവര്‍കട്ട്… സംസ്ഥാനത്ത് അടിക്കടിയുള്ള കറന്റ് പോക്കില്‍ വലഞ്ഞിരിക്കുകയാണ് ജനം. കുട്ടികള്‍ പഠിക്കാനിരുന്നാല്‍ അപ്പോള്‍ കട്ട്, ഭക്ഷണം പാകം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ കട്ട്, തയ്യല്‍ക്കടയില്‍ തുന്നാനിരിക്കുമ്പോഴും കട്ട്… ഇതെന്തൊരു കഷ്ടമാണെന്നാണ് രോഗികളടക്കം ചോദിക്കുന്നത്..

പൂക്കി കട്ടെന്നും ഇന്ദിര കട്ടെന്നും ബാക്ക് ടു എയ്റ്റീസെന്നും സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോളാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണങ്ങള്‍ നമുക്കൊന്ന് നോക്കാം…

ഉറങ്ങാന്‍ പറ്റുന്നില്ലെന്നും കൊതുകുകടിയാണെങ്കില്‍ ഒരു രക്ഷയുമില്ലെന്നുമാണ് തിരുവനന്തപുരം സ്വദേശികള്‍ പറയുന്നത്. കൊച്ചുകുട്ടികള്‍ കറന്‌റ് പോയാല്‍ കരയാന്‍ തുടങ്ങും. എല്ലാരും പുറത്തിറങ്ങിയിരിക്കും. ഉറക്കമില്ലെന്നും പ്രായമായവരടക്കം പറയുന്നു. കാന്‍സര്‍ രോഗിയായ താന്‍ ഗുളികയൊക്കെ കഴിച്ച് ഒന്ന് ഉറങ്ങാമെന്ന് കരുതുമ്പോഴായിരിക്കും കറന്‌റ് പോകുന്നത്. പിന്നെന്ത് ചെയ്യുമെന്നാണ് ചെങ്കല്‍ചൂളയിലെ ഒരമ്മ ചോദിക്കുന്നത്.

അപ്രതീക്ഷിത പവര്‍കട്ടില്‍ തെരുവ് വെളിച്ചത്തിന്‌റെ വെട്ടത്തില്‍ വഴിയോരക്കച്ചവടം നടത്തുന്നവരും ബുദ്ധിമുട്ടിലാണ്. കോഴിക്കോട് സ്വദേശികളായ മത്സ്യവില്‍പനക്കാര്‍ മെഴുകുതിരി കത്തിച്ചുവെച്ചാണ് മീന്‍ കച്ചവടം നടത്തുന്നത്. 'കറന്‌റൂല്ല മീന്‍ വാങ്ങാന്‍ ആളൂല്ല', അവര്‍ പറയുന്നു. പെട്ടിക്കണക്കിന് മെഴുകുതിരി വാങ്ങിവെച്ചിട്ടുണ്ടെന്നും കച്ചവടക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ എത്തുന്ന പൊതു ഇടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് സുരക്ഷാ ഭീഷണി കൂടിയാണ് ഉയർത്തുന്നത്. സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടെന്ന് നാട്ടുകാർ നിരന്തരം പരാതി ഉന്നയിക്കുന്ന കോഴിക്കോട് കോന്നാട് ബീച്ചിലെ പ്രദേശവാസികൾ പവർകട്ട് കൂടി വന്നതോടെ ആശങ്കയിലാണ്.

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനാല്‍ കസ്റ്റമറുടെ ചീത്ത കേള്‍ക്കേണ്ട അവസ്ഥയാണെന്ന് തൃശൂരിലെ തയ്യല്‍ താഴിലാളികള്‍ പറയുന്നു. സ്റ്റിച്ചിങ് തുടങ്ങിയാല്‍ അത് പൂര്‍ത്തിയാക്കാക്കുന്നതിന് മുന്‍പ് വൈദ്യുതി പോകും. സ്റ്റിച്ച് ചെയ്യാന്‍ എത്തിയവരും കടയില്‍ വന്ന് കറന്‌റ് വരുന്നതും നോക്കി ഇരിപ്പാണ്.

രാത്രി ട്യൂഷന്‍ കഴിഞ്ഞ് നടന്ന് വേണം വീട്ടില്‍ പോകാന്‍. പവര്‍കട്ട് കാരണം ഒരൊറ്റ തെരുവുവിളക്ക് പോലും കത്തുന്നില്ല. തെരുവ് നായകള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് കാണാന്‍ പോലും കഴിയുന്നില്ല. മെയിന്‍ റോഡ് കഴിഞ്ഞാല്‍ പിന്നെ ഇടവഴിയാണ്. പത്തനംതിട്ട നഗരത്തിലൂടെ തെരുവ് നായ്ക്കളെ പേടിച്ച് വീട്ടിലേക്ക് ഓടുകയാണ് ആല്‍ഫ തലമുറയില്‍ പെട്ട കുട്ടികള്‍. പവര്‍ കട്ടിന്റെ ദുരിതം കുട്ടികളും മനസ്സിലാക്കുന്നുണ്ട്.

Content Highlights: Frequent Power Cuts Leave People Struggling Across Kerala

dot image
To advertise here,contact us
dot image