

ദുബായിൽ ഗതാഗത നിയമലംഘനങ്ങളിൽ വൻ കുറവ്. 2026ലെ ആദ്യ ആറുമാസത്തിനിടെ 30,000 ഗതാഗത നിയമലംഘനങ്ങളാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 38,000 ലംഘനങ്ങളെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ കുറവാണിത്. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഇടയിൽ നിയമങ്ങൾ പാലിക്കുന്നതിലുണ്ടായ വ്യക്തമായ പുരോഗതിയാണ് ഈ നേട്ടത്തിന് കാരണമെന്ന് ആർടിഎ വ്യക്തമാക്കി.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 16 ലക്ഷത്തിലധികം പരിശോധനകളാണ് ആർടിഎ നടത്തിയത്. കഴിഞ്ഞ വർഷമിത് 15 ലക്ഷമായിരുന്നു. പൊതുഗതാഗതം, സ്കൂൾ ട്രാൻസ്പോർട്ട്, ടൂറിസ്റ്റ് ബസുകൾ, ചാർട്ടേഡ് ബസുകൾ എന്നിവയ്ക്ക് പുറമെ അനധികൃത യാത്രാസേവനങ്ങൾ നടത്തുന്നവരെ കണ്ടെത്താനും പരിശോധനകൾ ഊർജ്ജിതമാക്കി. എയർപോർട്ട് സെക്യൂരിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, ജിഡിആർഎഫ്എ (GDRFA) എന്നിവരുമായി കൈകോർത്ത് നടത്തിയ സംയുക്ത പരിശോധനകളിൽ അനധികൃത വാഹന സർവീസുകളുമായി ബന്ധപ്പെട്ട് 340 ലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ 797 കേസുകളെ അപേക്ഷിച്ച് 57 ശതമാനത്തിന്റെ കുറവാണിത്. ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവർമാരുടെ 244 വാഹനങ്ങളും ആർടിഎ പിടിച്ചെടുത്തു.
വിവിധ മേഖലകളിലും മികച്ച നിയമവിധേയത്വമാണ് ആർടിഎ രേഖപ്പെടുത്തിയത്. പൊതുബസ് യാത്രക്കാർ, ബസ് ഡ്രൈവർമാർ, അനുബന്ധ സൗകര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 12 ലക്ഷത്തിലേറെ പരിശോധനകൾ നടത്തുകയും 28,000-ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. 97.8 ശതമാനമാണ് ഈ മേഖലയിലെ നിയമവിധേയത്വം. സ്കൂൾ ട്രാൻസ്പോർട്ട് മേഖലയിൽ നടത്തിയ പരിശോധനകളിൽ 654 ലംഘനങ്ങൾ രേഖപ്പെടുത്തി. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവും 92 ശതമാനം നിയമവിധേയത്വവുമാണ് കാണിക്കുന്നത്. ടൂറിസം, രാജ്യാന്തര ചാർട്ടേഡ് സർവീസുകൾ എന്നിവയിൽ നടത്തിയ 12,000-ത്തിൽ പരം പരിശോധനകളിൽ 602 ലംഘനങ്ങൾ രേഖപ്പെടുത്തി, 95 ശതമാനം നിയമവിധേയത്വം ഉറപ്പാക്കി.
വിവരശേഖരണത്തിനും പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ആർടിഎ 'സ്മാർട്ട് ഡാറ്റാ അനലിറ്റിക്സ്' സാങ്കേതികവിദ്യയാണ് നിലവിൽ ഉപയോഗിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി എത്തുന്ന ഇടങ്ങളിലും പരിശോധന കർശനമാക്കിയതും, അനധികൃത സർവീസുകൾക്കെതിരെ എടുത്ത ശക്തമായ നടപടികളുമാണ് നിയമലംഘനങ്ങൾ കുറയ്ക്കാൻ സഹായിച്ചതെന്ന് ആർടിഎ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ ബലൂഷി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Dubai has recorded a major decline in traffic violations, with improved compliance with traffic regulations among road users. The reduction reflects greater adherence to traffic rules and efforts to promote safer travel across the emirate