'പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി'; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ്

'സുഹൃത്തിനെ ഇ ഡി ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി'

'പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി'; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ്
dot image

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സുഹൃത്തിനെ ഇ ഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെന്നും റിയാസ് പറഞ്ഞു. സുഹൃത്ത് ഹസ്സന്‍ വാരിസിനെ ചോദ്യം ചെയ്തതിലായിരുന്നു റിസായിന്റെ പ്രതികരണം.

Also Read:

സുഹൃത്തിന്റെ ഒരു ബിസിനസില്‍ പിണറായി വിജയന് ഇടപാടുള്ളതായി പറയാന്‍ ഇ ഡി അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പിണറായി വിജയനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ബന്ധമില്ലെന്നും പറഞ്ഞു. സുഹൃത്തിന്റെ ഭാര്യാ പിതാവുമായി ബന്ധമില്ലേ എന്നും സുഹൃത്ത് പിണറായിയുടെ അടുത്ത് കൊണ്ടുപോകാറില്ലേയെന്നും ഇ ഡി തിരിച്ചു ചോദിച്ചു. സുഹൃത്ത് കൊണ്ടുപോകാറില്ലെന്ന് പറഞ്ഞപ്പോള്‍ വീണയുടെ പേര് പറയാന്‍ ആവശ്യപ്പെട്ടെന്നും റിയാസ് പറഞ്ഞു. വീണയെ രണ്ടോ മൂന്നോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും പേര് പറയാന്‍ പറ്റില്ലെന്നും പറഞ്ഞപ്പോള്‍, പെയ്‌മെന്റുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയത്തില്‍ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പ്രിന്ററില്‍ അമര്‍ത്തിയാല്‍ മകള്‍ പ്രതിയാണെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്വന്തം മകളെ രക്ഷിക്കണോ അതോ ആരാന്റെ മകളെ രക്ഷിക്കണോ എന്ന് സുഹൃത്തിനോട് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചതായും റിയാസ് പറഞ്ഞു.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയെത്ത ചിലര്‍ മാസപ്പടിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും റിയാസ് പറഞ്ഞു. മറ്റ് നിലയിലുള്ള നീക്കങ്ങളായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. സിഎംആര്‍എല്ലിന് എക്‌സാലോജിക് എന്ന സ്ഥാപനം സേവനം നല്‍കിയിട്ടില്ല എന്ന വാദം ഉയര്‍ന്നു. സേവനം നല്‍കിയിട്ടില്ല എന്ന് സിഎംആര്‍എല്ലിന്റെ എം ഡി തന്നെ പറഞ്ഞു എന്ന് വാര്‍ത്തവന്നു. എന്നാല്‍ സിഎംആര്‍എല്ലിന്റെ എം ഡി അങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്ന് റിയാസ് പറഞ്ഞു. വീണ പ്രതികരിക്കാത്തതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ പ്രതികരിക്കാനുള്ള അവകാശം ഉണ്ട് എന്നതുപോലെ പ്രതികരിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്. സത്യം ജയിക്കും, ഒരു തെറ്റും ചെയ്തിട്ടില്ല എന്ന വിശ്വാസമുണ്ടെങ്കില്‍ പ്രതികരിക്കുകയും വേണമെങ്കില്‍ പ്രതികരിക്കാതെ ഇരിക്കാനും അവകാശമുണ്ട് മൗനം തെറ്റുചെയ്തതുകൊണ്ടാണെന്നുള്ള വ്യാഖ്യാനം ശരിയല്ലെന്നും റിയാസ് പറഞ്ഞു.

മെയ് മാസത്തിലെ റെയ്ഡിന് ശേഷവും പല കഥകളും പ്രചരിച്ചു. ലേക്കര്‍ ഇന്ത്യ എന്ന സ്ഥാപനം ഇവിടെയുണ്ടെന്നും അത് സെല്‍ കമ്പനിയാണെന്നും പ്രചരിക്കപ്പെട്ടു. ജിഎസ്ടി നമ്പര്‍ ഒട്ടിച്ചതില്‍ ഒരു നമ്പര്‍ വിട്ടുപോയതായിരുന്നു വിഷയം. അതില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയാണ് തന്നെ ട്രീറ്റ് ചെയ്തത്. ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചു. നാമനിര്‍ദ്ദേശ പത്രികയില്‍ അടക്കം ലേക്കര്‍ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും റിയാസ് പറഞ്ഞു. സിഎംആര്‍എല്‍-സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ പലതും ചോര്‍ത്തപ്പെട്ട് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിന് വാര്‍ത്താ സാധുതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് മാധ്യമങ്ങളാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights- Mohammed Riyas has alleged that the Enforcement Directorate threatened a friend to name Pinarayi Vijayan and Veena in connection with the case

dot image
To advertise here,contact us
dot image