

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ് റിയാസ് പ്രതികരിച്ചതെന്നും ഷോണ്‍ പറഞ്ഞു.
ഇ ഡിയുടെ കൈയിലുള്ള കത്തില്‍ ഗുരുതരമായ കണ്ടെത്തലുണ്ട്. കത്തും തെളിവുകളും പുറത്തു വിട്ടാല്‍ മതി. ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആകെ അവശേഷിക്കുന്നത് ഇവിടെയാണ്. 10 വര്‍ഷം പ്രസ്ഥാനം മോശമായത് പിണറായി കാരണമാണ്. പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കള്‍ എന്തിന് ജയിലില്‍ കിടക്കണമെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ബിജെപിക്ക് തുറന്ന സമീപനമാണുള്ളത്. ആരാണോ പണം പറ്റിയത് അവരെയൊക്കെ കണ്ടെത്തണം. സേവനം കൊടുത്തു എന്നാണ് പറയുന്നത്. ബാക്കി ഒന്നര കോടി രൂപ എന്തിന് കൈപ്പറ്റിയെന്ന് റിയാസ് മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കാതിരിക്കാന്‍ ഒരു തരവുമില്ല. അല്ലെങ്കില്‍ സിബിഐ വരും. സര്‍ക്കാര്‍ ആദ്യം നിലപാട് അറിയിക്കട്ടെയെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ ഇ ഡി സുഹൃത്തിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു നേരത്തെ മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സുഹൃത്തിനെ ഇ ഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെന്നും റിയാസ് പറഞ്ഞു. സുഹൃത്ത് ഹസ്സന്‍ വാരിസിനെ ചോദ്യം ചെയ്തതിലായിരുന്നു റിസായിന്റെ പ്രതികരണം.
സുഹൃത്തിന്റെ ഒരു ബിസിനസില്‍ പിണറായി വിജയന് ഇടപാടുള്ളതായി പറയാന്‍ ഇ ഡി അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പിണറായി വിജയനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ബന്ധമില്ലെന്നും പറഞ്ഞു. സുഹൃത്തിന്റെ ഭാര്യാ പിതാവുമായി ബന്ധമില്ലേ എന്നും സുഹൃത്ത് പിണറായിയുടെ അടുത്ത് കൊണ്ടുപോകാറില്ലേയെന്നും ഇ ഡി തിരിച്ചു ചോദിച്ചു. സുഹൃത്ത് കൊണ്ടുപോകാറില്ലെന്ന് പറഞ്ഞപ്പോള്‍ വീണയുടെ പേര് പറയാന്‍ ആവശ്യപ്പെട്ടെന്നും റിയാസ് പറഞ്ഞു.
വീണയെ രണ്ടോ മൂന്നോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും പേര് പറയാന്‍ പറ്റില്ലെന്നും പറഞ്ഞപ്പോള്‍, പെയ്‌മെന്റുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയത്തില്‍ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പ്രിന്ററില്‍ അമര്‍ത്തിയാല്‍ മകള്‍ പ്രതിയാണെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്വന്തം മകളെ രക്ഷിക്കണോ അതോ ആരാന്റെ മകളെ രക്ഷിക്കണോ എന്ന് സുഹൃത്തിനോട് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചതായുമായിരുന്നു റിയാസ് വെളിപ്പെടുത്തിയത്.
അതേസമയം, ഇ ഡി നീക്കത്തെ രാഷ്ട്രീയമായും നിമപരമായും നേരിടാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്നും പ്രതിരോധിച്ച് മുന്നോട്ടുപോകുമെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. ഒരു കത്തിനൊന്നും വലിയ വിലയില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. തനിക്കെതിരെ വേട്ടയാടല്‍ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ തരത്തില്‍ ഉയര്‍ന്നിട്ടില്ലെന്നും പിണറായി വിജയനും പറഞ്ഞിരുന്നു.
Content Highlights: CMR-L Exalogic Case BJP Leader Shone George Responds to ED Move to Register Case