തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

സംഭവത്തില്‍ പേരൂര്‍ക്കട പൊലീസിലും ഡിഎച്ച്എസിനും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കി

തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി
dot image

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ചികിത്സാ പിഴവ് മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുടപ്പനക്കുന്ന് സ്വദേശി ഷെറിന്‍-റീബ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസിലും ഡിഎച്ച്എസിനും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസം 31നാണ് റീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സെപ്റ്റംബര്‍ ഒന്നാം തീയതി രാത്രി കുഞ്ഞിന്റെ അനക്കത്തില്‍ വ്യത്യാസം ഉള്ളതായി അധികൃതര്‍ അറിയിച്ചിരുന്നു. പിന്നീട് കുഞ്ഞിന്റെ അനക്കം പരിശോധിച്ചില്ലെന്നാണ് പരാതി. രോഗിയുടെ അമ്മ നഴ്‌സുമാരോട് വിവരം ചോദിച്ചപ്പോഴെല്ലാം നോര്‍മല്‍ ആണെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ രണ്ടാം തീയതി പുലര്‍ച്ചെ 4 മണിക്ക് പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റുന്നതിന് തൊട്ടുമുമ്പ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞിരുന്നു. പരാതിയില്‍ ആശുപത്രി അധികൃതര്‍ മുന്‍കരുതലുകള്‍ എടുക്കാതെ 7.30വരെ കാത്തുനിര്‍ത്തിയതായും ആരോപണമുണ്ട്.
തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. 108 ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സ്വകാര്യ ആംബുലന്‍സ് വിളിക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നുണ്ട്. എസ്എടി ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നേരത്തേ എത്തിച്ചിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് എസ്എടിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും ഷെറിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതേസമയം, ചികിത്സയില്‍ വീഴ്ചയുണ്ടായില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. റീബക്ക് ഗര്‍ഭകാലത്തെ ഷുഗര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പെട്ടെന്നാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതെന്നും അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചെന്നും സൗകര്യങ്ങളുടെ അപര്യാപ്ത കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Content Highlights: An allegation of treatment error has been raised against Peroorkada District Hospital in Thiruvananthapuram

dot image
To advertise here,contact us
dot image