REPORTER IMPACT: ആവശ്യങ്ങൾ അംഗീകരിച്ചു; മലയാളം സർവ്വകലാശാല വിദ്യാർത്ഥിനി അനഘ സമരം അവസാനിപ്പിച്ചു

കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാരസമരത്തിലായിരുന്നു അനഘ

REPORTER IMPACT: ആവശ്യങ്ങൾ അംഗീകരിച്ചു; മലയാളം സർവ്വകലാശാല വിദ്യാർത്ഥിനി അനഘ സമരം അവസാനിപ്പിച്ചു
dot image

മലപ്പുറം: തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനി അനഘ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കുറുക്കോളി മൊയ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. തിരൂര്‍ ഗസ്റ്റ് ഹൗസില്‍ എംഎല്‍എയുടെ നേതൃത്വത്തിന്‍ സമരസംഘടനാ പ്രതിനിധികളുമായി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയുടെ ഭാഗമായി ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് ഉണ്ടായത്. അനഘയുടെ സമരം 24-ാം ദിവസത്തിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാര സമരം നടത്തിവരികയായിരുന്നു.

പരിസ്ഥിതി പഠന സ്‌കൂളില്‍ അനഘയുടെ പഠനം തുടരുന്നതുമായി ബന്ധപ്പെട്ട് ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി സര്‍വ്വകലാശാലയിലെ ഏതെങ്കിലും സ്‌കൂളില്‍ നിന്ന് ഒരു ഗവേഷണ ഗൈഡിനെ ഏര്‍പ്പാടാക്കും. വിഷയവുമായി ബന്ധപ്പെട്ട ഗവേഷണ കാര്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി വിദ്യാര്‍ത്ഥിയുടെ ഗവേഷണ മേഖലയില്‍ പ്രാഗത്ഭ്യമുള്ള ഒരു മാര്‍ഗ്ഗദര്‍ശിയെ കണ്ടെത്തിത്തരുന്നതിന് സര്‍ക്കാരിലേക്ക് ആവശ്യപ്പെടാനും തീരുമാനമായി. കൂടാതെ ഗവേഷണത്തിനാവശ്യമായ ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ഗവേഷകയുടെ പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയല്‍ കഴിവതും വേഗം നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ജാതി-വര്‍ണ്ണ വിവേചനം, മാനസിക പീഡനം, അധികാര ദുര്‍വിനിയോഗം, ഗവേഷണവുമായി ബന്ധമില്ലാത്ത ജോലികള്‍ ചെയ്യിപ്പിക്കല്‍, പ്രതികാര ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട് ഡോ. അരുണ്‍ ബാബു വി, ഡോ. ജൈനി വര്‍ഗീസ് എന്നിവര്‍ക്കെതിരെ SC/ST നിയമപ്രകാരമുള്ള അറസ്റ്റ് നടപടി പൂര്‍ത്തിയാക്കുക, രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അനഘയുടെ ഡോക്ടറല്‍ കമ്മിറ്റി യോഗം ഉടന്‍ നടത്തുക എന്നിവയാണ് അനഘയുടെ പ്രധാനമായും ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍. ഗവേഷണത്തിനാവശ്യമായ ലബോറട്ടറി സൗകര്യങ്ങള്‍, ലൈബ്രറി, അക്കാദമിക് മാര്‍ഗനിര്‍ദ്ദേശം എന്നിവ യാതൊരു തടസ്സവുമില്ലാതെ ലഭ്യമാക്കാന്‍ സര്‍വ്വകലാശാലയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും റാഗിങ് പരാതിയില്‍ സഹ വിദ്യാര്‍ത്ഥിയും റൂംമേറ്റുമായ കൃഷ്ണ കെ പിക്കെതിരെ കര്‍ശനമായ അച്ചടക്ക-നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അനഘ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Malayalam University student Anagha ended her protest after her demands were accepted. The protest was related to issues raised by the student at the university, and the decision to end the protest followed the acceptance of her demands.

dot image
To advertise here,contact us
dot image