

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ള പ്രവര്‍ത്തകര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പൊലീസ് രാജിലൂടെ നേരിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ കുപ്രസിദ്ധിയുള്ള പൊലീസുകാരെ തിരഞ്ഞ് പിടിച്ച് തലസ്ഥാനത്ത് നിയമിക്കുകയും അവരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ അക്രമിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിച്ചു. കുട്ടികളെ തല്ലുക മാത്രമല്ല വധശ്രമം അടക്കമുള്ള വലിയ വകുപ്പുകള്‍ ചുമത്തി വ്യപകമായ അറസ്റ്റും നടക്കുകയാണ്. അത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഇങ്ങനെയാണ് പ്രക്ഷോഭങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ അത് കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന വ്യാമോഹം വേണ്ടെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നല്‍കി. കടുത്ത പ്രതികരണം സ്വാഭാവികമായും ഉയര്‍ന്ന് വരും. അതില്‍ നിന്ന് പിന്നോട്ട് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പ്രവര്‍ത്തകര്‍ക്ക് ശരീരമാസകലം മര്‍ദ്ദനമേറ്റെന്നും പുരുഷ പൊലീസ് പെണ്‍കുട്ടികളെ അടക്കം ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. മുഖത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോകുന്ന അവസ്ഥയുണ്ടായി. തലയ്ക്ക് അടിയേറ്റ് പെണ്‍കുട്ടി ബോധം കെട്ട് വീണു. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിടുന്നത് നമ്മള്‍ കണ്ടതാണ്. അതിന് സമാനമായ നടപടി ആണ് കേരളത്തിലും ഉണ്ടാകുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാതയിലാണെന്നും ഡല്‍ഹിയില്‍ പെല്ലറ്റ് എങ്കില്‍ ഇവിടെ മറ്റു വഴികള്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ഇത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തിനായി വിദ്യാര്‍ത്ഥികളെ ഇളക്കി വിട്ടതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വന്ദേമാതരത്തെ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും ആരോപിച്ചു. കേരള സര്‍വകലാശാലയിലും വന്ദേമാതരം ചൊല്ലി. ഇത്തരം വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അനുകൂല നിലപാട് തുടരുന്നു എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വന്ദേമാതരത്തിന്റെ രണ്ട് ചരണം പാടിയാല്‍ മതിയെന്നായിരുന്നു മുന്‍ നിലപാട്. എന്നാല്‍ സര്‍വകലാശാലയില്‍ അടക്കം അത് മുഴുവനായും പാടുന്നു എന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
Content Highlights: Opposition Leader Pinarayi Vijayan visited students receiving treatment after being injured during a police lathicharge against an SFI protest at the Secretariat. SFI state secretary P S Sanjeev and several other activists were among those injured. Vijayan criticised the V D Satheesan-led government, alleging that normal protests are being dealt with through excessive police action.