

കൊച്ചി: കാലടി സര്‍വകലാശാല വിസിക്കെതിരെ പ്രതിഷേധിച്ച കേസില്‍ 17 എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 17 വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഓഗസ്റ്റ് 13 ന് ക്യാമ്പസില്‍ നടന്ന സംഭവത്തില്‍ ആദ്യമെടുത്ത കേസില്‍ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് ഇതേ സംഭവത്തില്‍ വിസി സിസ തോമസിന്റെ പരാതിയില്‍ വീണ്ടും എഫ്‌ഐആര്‍ ഇട്ടത് നിയമപരമല്ലെന്നും വിദ്യാര്‍ത്ഥികള്‍ നൽകിയ ഹര്‍ജിയില്‍ പറയുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കാലടി പൊലീസ് ആദ്യം ഒരു കേസെടുത്തിരുന്നു. അതില്‍ വിസിയെ ആക്രമിച്ചെന്ന പരാമര്‍ശമില്ല. വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും തീയറ്റര്‍ പഠന വകുപ്പിലെ കേടായ ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്‌കാരമാണ് നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതിഷേധ സമരത്തോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് കേസെടുത്തതെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കേസില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമില്ലെന്നുമാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ വാദം. ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്‍പ്പെടെ 18 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നത്.
Content Highlights: The Kerala High Court has restrained the arrest of 17 SFI activists in a case related to a protest against the Vice Chancellor of Kalady University