

വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് തൊഴിൽ അന്വേഷകരിൽ നിന്ന് വൻ തുക തട്ടിയെടുത്ത കേസിൽ പ്രശസ്തനായ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വ്യക്തി ദുബായിൽ അറസ്റ്റിലായി. ദുബായ് താമസ കുടിയേറ്റ വകുപ്പ് (GDRFA Dubai), ദുബായ് പൊലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്. സ്വന്തം രാജ്യത്തെ കലാ-വിനോദ രംഗത്ത് പ്രശസ്തനായ ഇയാൾ 40-ഓളം പേരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയത്. ഓരോരുത്തരിൽ നിന്നും 7,000 മുതൽ 9,000 ദിർഹം വരെ ഇയാൾ കൈപ്പറ്റിയതായി അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ മെച്ചപ്പെട്ട ജോലിയും ജീവിതവും ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷകളെ മുതലെടുത്തായിരുന്നു ഇയാൾ വ്യാജ വിസ വിതരണം ചെയ്തിരുന്നത്. ജിഡിആർഎഫ്എ നടത്തിയ കൃത്യമായ നിരീക്ഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. പരിശോധനയ്ക്കിടെ ഒരാളിൽ നിന്ന് വ്യാജ രേഖ കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണം രേഖകൾ നിർമ്മിച്ച് നൽകിയ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. പിടിയിലായ വ്യക്തിക്കെതിരെ തുടർനടപടികളും അന്വേഷണവും പുരോഗമിക്കുകയാണെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു.
തട്ടിപ്പുകളുടെ വേരുകൾ പലപ്പോഴും ഇരകളുടെ സ്വന്തം രാജ്യങ്ങളിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. യുഎഇയിൽ എത്തുന്നതിന് മുൻപ് തന്നെ തട്ടിപ്പുകാരും ഇരകളും തമ്മിലുള്ള ഇടപാടുകൾ നടക്കാറുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയാൻ ഇലക്ട്രോണിക്, ഫീൽഡ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്ന് ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജീഫ് അൽ സാബി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയവുമായും ദുബായ് പൊലീസുമായും ഏകോപിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.
താമസ-സന്ദർശന നിയമങ്ങൾ ലംഘിക്കുന്നവരെ തിരിച്ചറിയാൻ നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചതായും ജിഡിആർഎഫ്എ അറിയിച്ചു. വ്യക്തികളെ നേരിട്ട് തടഞ്ഞുനിർത്താതെ തന്നെ അവരുടെ താമസം നിയമപരമാണോ എന്ന് പരിശോധിക്കാൻ ഈ സംവിധാനത്തിന് കഴിയും. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
യുഎഇയിലേക്കുള്ള വിസ നടപടികൾ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളിലൂടെയും അംഗീകൃത ചാനലുകളിലൂടെയും മാത്രം നടത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പല രാജ്യങ്ങളിലെയും ഏജൻസികൾ ഔദ്യോഗിക നിരക്കിന്റെ ഇരട്ടിയിലധികം തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിശ്ചിത വിസ നിരക്കുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: A singer and social media influencer was arrested in Dubai in connection with allegations of fake freelance visa issuance and financial fraud. Authorities are investigating the case involving multiple complaints.