

മലപ്പുറം: മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യവുമായി എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്ത് രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ച് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്നാണ് എപി സമസ്ത ആവശ്യം.
ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് അത് സന്ദര്‍ഭം പോലും മനസ്സിലാക്കാതെ പരസ്യമായി വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് കേരള മുസ്ലിം ജമാഅത്ത് കുറ്റപ്പെടുത്തി. വിശുദ്ധ ഖുര്‍ആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസ്സിലാക്കാന്‍ വായനാ പ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനി തയ്യാറാകണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യം.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല, കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. പ്രസ്താവനയോട് കേരള സര്‍ക്കാരിനോ ഞങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പ്രവാചകൻ്റെ ആദ്യ ഭാര്യ ബിസിനസുകാരിയായിരുന്നുവെന്നും മറ്റൊരു ഭാര്യയായിരുന്ന ആയിഷ യുദ്ധത്തിൽ സർവ്വസൈന്യാധിപയായി പങ്കെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ ഓര്‍മപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.
Content Highlights: The Malappuram district committee of Kerala Muslim Jamaath, the mass organisation affiliated with AP Samastha, has demanded the withdrawal of the Chief Minister’s alleged anti-Islam remarks and an apology to the Muslim community. The organisation criticised the alleged misinterpretation of Islamic history and events without understanding their context and said such remarks were unbecoming of the Chief Minister’s office. It also urged the Chief Minister to study the Quran, Prophet and Islamic history accurately.