കാന്തപുരം സ്ത്രീവിരുദ്ധ പ്രസ്താവന തിരുത്തണം: എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്

'സ്ത്രീകൾ പ്രദർശന വസ്തുക്കളല്ലെന്നും തുല്യാവകാശങ്ങളുള്ള മനുഷ്യരാണെന്നും സെയ്ദ് മുഹമ്മദ് സാദിഖ് ചൂണ്ടിക്കാണിച്ചു

കാന്തപുരം സ്ത്രീവിരുദ്ധ പ്രസ്താവന തിരുത്തണം: എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്
dot image

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍ സ്ത്രീവിരുദ്ധ പ്രസ്താവന തിരുത്തണമെന്ന ആവശ്യവുമായി എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്. മതദർശനങ്ങൾ മാനവികതയാണ് മുന്നോട്ട് വെയ്ക്കേണ്ടതെന്നും സെയ്ദ് മുഹമ്മദ് സാദിഖ് ചൂണ്ടിക്കാണിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സെയ്ദ് മുഹമ്മദ് സാദിഖിൻ്റെ പ്രതികരണം.

'സ്ത്രീകൾ പ്രദർശന വസ്തുക്കളല്ലെന്നും തുല്യാവകാശങ്ങളുള്ള മനുഷ്യരാണെന്നും സെയ്ദ് മുഹമ്മദ് സാദിഖ് ചൂണ്ടിക്കാണിച്ചു. നബി പത്‌നി ഖദീജ ബീവി കച്ചവടക്കാരിയായിരുന്നു. ആയിശ ബീവി പണ്ഡിതയായിരുന്നു. സൈനബ് ബീവി പ്രഭാഷകയായിരുന്നു. തിരു റസൂൽ (സ്വ) സ്ത്രീപക്ഷവാദിയായ പ്രവാചകനായിരുന്നു എന്നും സെയ്ദ് മുഹമ്മദ് സാദിഖ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. 'മതകൽപ്പനകൾ എന്ന മട്ടിൽ മാനവിക വിരുദ്ധ ഫത്‌വകൾ പ്രസ്താവിച്ചാൽ മതേതര ജനാധിപത്യ സമൂഹം ശക്തമായ പ്രതിരോധസ്വരം ഉയർത്തും. അക്കൂട്ടത്തിൽ മതവിശ്വാസികളുമുണ്ടാകും. അത്തരം പ്രതിരോധങ്ങളെ മതനിന്ദയായി വ്യാഖ്യാനിച്ച് ഒറ്റപ്പെടുത്താമെന്ന് കരുതരുതെന്ന മുന്നറിയിപ്പും' മുഹമ്മദ് സാദിഖ് നൽകുന്നുണ്ട്. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാതെ പഠിക്കുകയും തൊഴിലെടുക്കുകയും പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്ന എല്ലാ സ്ത്രീകളോടും ഫേസ്ബുക്ക് കുറിപ്പിൽ മുഹമ്മദ് സാദിഖ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുണ്ട്.

നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്.

ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. സംഭവം വിവാദമായി നിൽക്കെ പറഞ്ഞതിൽ ഉറച്ചുവിൽക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാൽ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നു. ഇതിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു.

Content Highlights: SFI State Joint Secretary Syed Muhammed Sadiq says Kanthapuram should correct his controversial statement on women, calling for a review of the remarks.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us