ചർച്ചകൾ ഏകപക്ഷീയമാകില്ല; CPIMൻ്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അം​ഗങ്ങൾ പങ്കെടുക്കും

തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന തിരുത്തൽ പ്രക്രിയയെ സംബന്ധിച്ച് നിർണ്ണായകമാണ് സെപ്റ്റംബർ 13, 14, 15 തീയതികളിൽ ചേരുന്ന സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റി

ചർച്ചകൾ ഏകപക്ഷീയമാകില്ല; CPIMൻ്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അം​ഗങ്ങൾ പങ്കെടുക്കും
dot image

തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അം​ഗങ്ങൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന തിരുത്തൽ പ്രക്രിയയെ സംബന്ധിച്ച് നിർണ്ണായകമാണ് സെപ്റ്റംബർ 13, 14, 15 തീയതികളിൽ ചേരുന്ന സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റി. വിശാല സംസ്ഥാന കമ്മിറ്റിയിൽ തുറന്ന ചർച്ചയ്ക്ക് വഴി തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒൻപത് പി ബി അം​ഗങ്ങൾ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് പി ബി അം​ഗങ്ങൾ അടക്കം ഒൻപത് പേരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുക. ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, എ വിജയരാഘവൻ എന്നിവർക്ക് പുറമെ അശോക് ധാവ്ളെ, കെ ബാലകൃഷ്ണൻ, യു വാസുകി, ബി വി രാഘവലു, വിജു കൃഷ്ണൻ എന്നിവരാണ് വിശാല സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുക

തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിന് വിരുദ്ധമായ വിശദീകരണങ്ങൾ സംസ്ഥാന നേതാക്കൾ അടക്കം നടത്തുന്നതായുള്ള ചർച്ചകളും ഇതിനിടയിൽ ഉയർന്നിരുന്നു. വിശാല സംസ്ഥാന കമ്മിറ്റി യോ​ഗത്തിൻ്റെ അജണ്ട സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകൾ അടക്കം ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. 'നിയമസഭാ തെരഞ്ഞെടുപ്പ് റിവ്യൂ കേന്ദ്രകമ്മറ്റി അംഗീകരിച്ച് പാർട്ടിയിൽ റിപ്പോ‌‍‍ർട്ട് ചെയ്ത് ചർച്ചകൾ നടത്തി. അതിൻ്റെ ആവർത്തനമല്ല കോഴിക്കോട് നടക്കാൻ പോകുന്നത്. അതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിയെ ശക്തമാക്കുന്നത് എങ്ങനെയാണെന്നതാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അജണ്ട' എന്ന നിലയിലായിരുന്നു ചില വിശദീകരണങ്ങൾ. ഇതിന് പിന്നാലെയാണ് പയ്യന്നൂരും തളിപ്പറമ്പും സിപിഐഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോ​ഗങ്ങളിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിന് വിരുദ്ധമായ നിലപാടുകൾ പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ സ്വീകരിച്ചത്.

'പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ വീഴ്ചകൾ കണ്ണൂർ ജില്ലാ കമ്മിറ്റി അവലോകന റിപ്പോർട്ടിൽ സ്വയംവിമർശനപരമായി അംഗീകരിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർഥികളുടെ പേരുകൾ അംഗീകരിക്കുന്ന ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും ഭാഗത്തുനിന്നും വീഴ്ചകൾ സംഭവിച്ചു' എന്നായിരുന്നു കേന്ദ്ര കമ്മിറ്റി അം​ഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് തോൽവിയിൽ അണികളെ പഴിക്കുന്ന സമീപനമായിരുന്നു പൊളിറ്റ്ബ്യൂറോ അം​ഗം കൂടിയാ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വീകരിച്ചത്. 'എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. പരാജയം ഗൗരവമായി കാണുന്നു. ആരെയാണ് നിങ്ങൾ വിശ്വാസത്തിലെടുത്തത്. നിങ്ങൾ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ തയ്യാറാകണ'മെന്നുമായിരുന്നു തളിപ്പറമ്പിലെ പാർട്ടി അണികളോടുള്ള പിണറായി വിജയൻ്റെ ആവശ്യം.

വിശാല സംസ്ഥാന കമ്മിറ്റി യോ​ഗം ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൻ്റെ ബ്രാഞ്ച് തലം മുതൽ നേതൃത്വത്തിനെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങളുടെയും കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൻ്റെയും അന്തഃസത്തയെ ദുർബലപ്പെടുത്താനുള്ള നീക്കം നടക്കുന്നു എന്ന പരാതി പാർട്ടിയിൽ ഒരു വിഭാ​ഗത്തിനുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ പൊളിറ്റ്ബ്യൂറോയുടെ മേൽനോട്ടം ശക്തിപ്പെടുത്താനുള്ള നീക്കമെന്നാണ് സൂചന. നേരത്തെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പിബിയിൽ പ്രതികൂല നിലപാട് സ്വീകരിച്ച നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് കേരളത്തിൽ നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Content Highlights: Nine Politburo members will participate in the CPIM expanded state committee meeting, with discussions expected to cover key organisational and political issues without being one-sided.

dot image
To advertise here,contact us
dot image