ആദ്യ ഭാഗത്തേക്കാൾ കിടിലൻ സ്ക്രിപ്റ്റ്, 'പ്രേമലു 2' നടക്കാതെ പോയ ഘട്ടം ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല; ആകാശ്

'ആദ്യ ഭാഗത്തേക്കാൾ കണക്ഷൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിനുണ്ടായിരുന്നു. ഇറക്കിയാല്‍ ഹിറ്റടിക്കുമെന്ന കാര്യം ഉറപ്പായിരുന്നു'

ആദ്യ ഭാഗത്തേക്കാൾ കിടിലൻ സ്ക്രിപ്റ്റ്, 'പ്രേമലു 2' നടക്കാതെ പോയ ഘട്ടം ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല; ആകാശ്
dot image

മലയാളത്തിൽ വൻ വിജയം നേടിയ 'പ്രേമലു'വിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ആ പ്രൊജക്ട് വേണ്ടെന്ന് വെച്ചത് നിരാശ ഉണ്ടാക്കിയെന്ന് പറയുകയാണ് ചിത്രത്തിന്റെ എഡിറ്റർ ആകാശ് ജോസഫ് വർഗീസ്. ആദ്യ ഭാഗത്തേക്കാൾ മികച്ച തിരക്കഥയായിരുന്നു രണ്ടാം ഭാഗത്തിന്റേതെന്നും എന്നാൽ ചിത്രം നടക്കാതെ പോയത് ഏറെ നിരാശയുണ്ടാക്കിയ ഘട്ടമായിരുന്നുവെന്നും ആകാശ് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

യുകെയിൽ ലൊക്കേഷൻ പരിശോധന നടക്കുന്നതിനിടയിലാണ് ചിത്രം ഉപേക്ഷിക്കുന്നു എന്ന ഫോൺ കോൾ വരുന്നത്. "ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ഘട്ടമാണത്. ആദ്യ ഭാഗത്തേക്കാൾ കണക്ഷൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിനുണ്ടായിരുന്നു. പ്രണവിന്റെയും ആദിയുടെയുമെല്ലാം കഥാപാത്രങ്ങൾ വളരെ രസകരമായാണ് ഡിസൈൻ ചെയ്തിരുന്നത്. വലിയൊരു ക്ലൈമാക്സായിരുന്നു ചിത്രത്തിന്റേത്," ആകാശ് പറഞ്ഞു.

'എനിക്ക് തോന്നുന്നത് ഗിരീഷിന്റെ തന്നെ മറ്റ് ചിത്രങ്ങളില്‍ ഇതെല്ലാം വരാന്‍ സാധ്യതയുണ്ട്. നമുക്ക് ആദ്യഭാഗത്തിലെ ക്യാരക്ടേഴ്‌സിനെ കുറിച്ച് എല്ലാം അറിയുന്നത് കൊണ്ട് രണ്ടാം ഭാഗത്തില്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയാനുള്ള എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സ്‌ക്രിപ്റ്റ് റീഡിങ് സെക്ഷനെല്ലാം ഭയങ്കര രസമായിരുന്നു.

കേരളം, ഹൈദരാബാദ്, യു.കെ, രാജസ്ഥാന്‍ തുടങ്ങി ഒരുപാട് ലൊക്കേഷന്‍ ചിത്രത്തിനുണ്ടായിരുന്നു. പുതിയ കഥാപാത്രങ്ങളും ഉണ്ടായിരുന്നു. അതില്‍ വര്‍ക്ക് ചെയ്യാന്‍ വേണ്ടി ആ സമയത്ത് ഞങ്ങളാരും വേറെ വര്‍ക്ക് ഒന്നും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. കാരണം ഇറക്കിയാല്‍ ഹിറ്റടിക്കുമെന്ന കാര്യം ഉറപ്പായിരുന്നു,’ ആകാശ് കൂട്ടിച്ചേർത്തു.

Content Highlights:Editor Akash Joseph Varghese has shared his disappointment over Premalu 2 being shelved, offering his reaction to the decision surrounding the much-anticipated sequel.

dot image
To advertise here,contact us
dot image