

പുതിയ ബാഗും കുടയും പുസ്തകങ്ങളുമായി കുട്ടികള്‍ ഇന്ന് തിരികെ സ്‌കൂളിലേക്ക് എത്തും. വേനലവധി കഴിഞ്ഞ് യുഎഇയില്‍ ഇന്ന് സ്കൂളുകൾ തുറക്കും. രാജ്യത്തുടനീളമുള്ള ആയിരത്തിലധികം സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലായി 12.77 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളിലേക്ക് എത്തുന്നത്. 2026-27 അദ്യയന വര്‍ഷത്തിനായി 11 പുതിയ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മന്ത്രാലയം തുറന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മടങ്ങി വരവ് സുഗമമാക്കാന്‍ ഇന്ന് മുതല്‍ സെപ്തംബര്‍ മൂന്ന് വരെ ഘട്ടം ഘട്ടമായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കടുത്ത ഗതാഗത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും ഗതാഗത മന്ത്രാലയങ്ങളും രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആക്‌സിഡന്റ് ഫ്രീ ഡേ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങളോ അപകടങ്ങളോ വരുത്താത്ത ഡ്രൈവര്‍മാര്‍ക്ക് ബ്ലാക്ക് പോയിന്റുകളില്‍ ഇളവ് ലഭിക്കും. കൂടാതെ സ്‌കൂള്‍ ബസുകള്‍ നിര്‍ത്തി സ്‌റ്റോപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
കുട്ടുകളെ സ്‌കൂളുകളിലാക്കാന്‍ മാതാപിതാക്കള്‍ക്ക് ജോലിസ്ഥലങ്ങളില്‍ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധ്യയന വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ ജോലി സമയത്തില്‍ മൂന്ന് മണിക്കൂര്‍ വരെ വൈകി വരാനോ നേരത്തെ പോകാനോ അനുവാദം നല്‍കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലെ നിരവധി കമ്പനികളും ജീവനക്കാര്‍ക്ക് സമാനമായ രീതിയില്‍ ജോലിസമയത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്കുകള്‍ ഒഴിവാക്കി പകരം വായന പ്രോത്സാഹിപ്പിക്കും. ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയങ്ങള്‍ക്ക് ഡിജിറ്റല്‍ പഠനത്തിന് പകരം പേപ്പറും പേനയും ഉപയോഗിച്ചുള്ള പഠനരീതി കൊണ്ടുവരികയാണ്. കൂടാതെ ദുബായ് ആര്‍ടിഎ മെട്രോ, ബസ് സര്‍വീസുകളില്‍ സ്റ്റുഡന്റ് നോള്‍ കാര്‍ഡുകള്‍ വഴി അന്‍പത് ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും അനുബന്ധിത മേഖലകളിലും ഒരുപാട് മാറ്റങ്ങളോടെയാണ് ഇത്തവണ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
Content Highlight: Schools across the UAE have reopened today for the 2026-27 academic year, with thousands of students returning to classrooms after the summer break.