

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ₹1,14,960 രൂപയാണ് വിപണിവില. ഗ്രാമിന് 135 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ₹14,370 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറയ്ക്കുകയാണ് ഉണ്ടായത്. ഗ്രാമിന് 147 രൂപ കുറഞ്ഞ് 15,677ൽ എത്തുകയും പവന് 1176 രൂപ കുറഞ്ഞ് 1,25,416 രൂപയിൽ എത്തുകയും ചെയ്തു.
കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. മൂന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് സ്വർണവില 1,20,000 കടന്നത്. ഓഗസ്റ്റ് 24ന് 1,20,240 രൂപയിൽ സ്വർണവില എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ കുറവ് ഉണ്ടായത്.
അമേരിക്കയിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,500 ഡോളർ നിലവാരത്തേക്ക് താഴ്ന്നിട്ടുണ്ട്. അതേസമയം, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയിൽ വൻ കുറവ് വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ 15 ശതമാനമുള്ള ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉയർന്ന ഇറക്കുമതി നികുതി സ്വർണക്കടത്ത് വർധിപ്പിക്കുകയും ഔദ്യോഗിക ഇറക്കുമതിയും അനധികൃത വിപണിയിലെത്തുന്ന സ്വർണവും തമ്മിലുള്ള വിലവ്യത്യാസം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് തീരുവ കുറയ്ക്കാനുള്ള ചർച്ചകൾക്ക് പിന്നിൽ.
Content Highlights: Gold price in Kerala falls again, with 22-carat gold declining by ₹1,080 per pavan and ₹135 per gram, while 24-carat gold also records a price drop.