'കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്ക് താലിബാൻ ആശയങ്ങളോട് സമാനത'; എഫ്ബി കുറിപ്പുമായി എഴുത്തുകാരി

'ഭാര്യക്ക് ആര്‍ത്തവമുള്ള സമയത്ത് ഭര്‍ത്താവിന് ലൈംഗികാവശ്യങ്ങള്‍ക്കായി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് അനുയായികള്‍ക്ക് മതവിധി നല്‍കിയ 'ഗ്രാന്‍ഡ് മുഫ്തി' തന്നെയാണ്, സ്ത്രീവിരുദ്ധമായ ഈ കോര്‍പ്പറേറ്റ് ഇസ്‌ലാമിക മാതൃകയെ വളര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത്'

'കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്ക് താലിബാൻ ആശയങ്ങളോട് സമാനത'; എഫ്ബി കുറിപ്പുമായി എഴുത്തുകാരി
dot image

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവാദ സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ശബ്‌നം നൂര്‍ജഹാന്‍. കേരളീയ മുസ്‌ലിങ്ങളില്‍ ഏറ്റവും സ്ത്രീവിരുദ്ധരും പിന്തിരിപ്പന്മാരും ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരേ ഒരു ഉത്തരമേയുള്ളൂവെന്നും അത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴിലുള്ള സുന്നികളാണെന്നും ശബ്‌നം പറഞ്ഞു. സ്ത്രീസമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പ്രസ്താവനകള്‍ നിരന്തരം ഇറക്കിക്കൊണ്ട് പ്രബുദ്ധരായ എല്ലാ മലയാളികളെയും നിര്‍ലജ്ജം വെല്ലുവിളിക്കുകയാണ് കാന്തപുരമെന്നും ശബ്നം പറഞ്ഞു.

1970-കളില്‍ പെട്രോഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയോടെയാണ് ലോകമെമ്പാടും സലഫി (വഹാബി) ആശയം പ്രചരിപ്പിക്കാന്‍ സൗദി അറേബ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിലും സലഫി ആശയങ്ങള്‍ ശക്തിപ്പെട്ടു. ഈജിപ്ഷ്യന്‍ സലഫിസത്തിന്റെ സ്വാധീനത്തിലായിരുന്ന വ്യക്തികള്‍ക്കും പുതിയ ചിന്താഗതിക്കാര്‍ക്കും സാമ്പത്തിക സഹായവും പിന്തുണയും ലഭിച്ചതിനാല്‍ സലഫി പ്രസ്ഥാനം അതിന്റെ വളര്‍ച്ച ആരംഭിച്ചു.കേരളത്തില്‍ സലഫി ആശയങ്ങളുടെ കടന്നുവരവിനോടുള്ള പ്രതികരണമെന്നോണം പരമ്പരാഗത ഇസ്‌ലാമിക ധാരയ്ക്കുള്ളില്‍ വലിയൊരു മാറ്റം സംഭവിച്ചു. സമസ്തയുടെ പാരമ്പര്യ സാംസ്‌കാരിക സൂഫി രീതികള്‍ പിന്തുടര്‍ന്നിരുന്ന വിഭാഗത്തില്‍ നിന്ന്, സലഫിസത്തോടുള്ള എതിര്‍പ്പിന് വീര്യം പോരെന്ന നിലപാടോടെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു പുതിയ വിഭാഗം രൂപപ്പെട്ടു. മതം ഉപയോഗിച്ച് സലഫിസം പ്രചരിപ്പിക്കാന്‍ സൗദി അറേബ്യ പണം ചെലവിട്ടപ്പോള്‍, മതവിശ്വാസത്തെ മുതലെടുത്ത് എങ്ങനെ ധനസമാഹരണം നടത്താമെന്ന പുതിയൊരു മാതൃകയാണ് കാന്തപുരം വിഭാഗം ആവിഷ്‌കരിച്ചതെന്ന് ശബ്‌നം ചൂണ്ടിക്കാട്ടി.

അന്ധമായ മതാശയങ്ങളെ മുന്‍നിര്‍ത്തി വലിയ സമ്പത്ത് ഉത്പാദിപ്പിക്കുകയും കേരളത്തിലെ സുന്നി മുസ്‌ലിം സമൂഹത്തെ ഒരു വ്യവസ്ഥാപിതമായ കോര്‍പ്പറേറ്റ് ഘടനയിലേക്ക് നയിക്കുകയും ചെയ്തു. ആയിരക്കണക്കിന് ഫ്രാഞ്ചൈസികള്‍ പോലെ പ്രസ്ഥാനത്തിന്റെ ശാഖകള്‍ കേരളത്തിലും ഇന്ത്യക്കകത്തും പുറത്തും വ്യാപിപ്പിച്ച് വലിയ സാമ്പത്തിക-അധികാര കേന്ദ്രങ്ങള്‍ അവര്‍ നിര്‍മ്മിച്ചെടുത്തു. പ്രവാചക കേശം ഉള്‍പ്പെടെയുള്ള തിരുശേഷിപ്പുകളുടെ പേരിലുള്ള ധനസമാഹരണവും ഇതിന്റെ ഭാഗമായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം, കോര്‍പ്പറേറ്റ് ഇസ്‌ലാമിന്റെ കേന്ദ്രമായ 'മര്‍ക്കസ് നോളജ് സിറ്റി'യെയും, പ്രസ്ഥാന നായകന്റെ അന്ത്യവിശ്രമ സ്ഥലത്തെയും ഭാവിയിലെ വലിയൊരു തീര്‍ത്ഥാടന-സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനുള്ള കൃത്യമായ കോര്‍പ്പറേറ്റ് തന്ത്രമാണ് ഇവിടെ നടപ്പിലാക്കുന്നത്. ഈ സംവിധാനത്തെ ആധുനികരീതിയില്‍ വ്യവസായികവല്‍ക്കരിക്കുന്നതില്‍ അടിമുടി കോര്‍പ്പറേറ്റ് മനസ്ഥിതിയുള്ള കാന്തപുരത്തിന്റെ മകന്‍ ഹക്കീം അസ്ഹരിയുടെ പങ്ക് ചെറുതല്ലെന്നും ശബ്‌നം പറഞ്ഞു.

കാന്തപുരം വിഭാഗത്തിന്റെ ഈ സ്ത്രീവിരുദ്ധ നിലപാടുകള്‍ താലിബാന്‍ ആശയങ്ങളോട് ഏറെ സമാനതയുള്ളതാണ്. ശരീരം മുഴുവന്‍ മൂടുന്ന നിഖാബ് നിര്‍ബന്ധമാക്കുന്നതിലും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ വേര്‍തിരിവ് ശക്തമായി അടിച്ചേല്‍പ്പിക്കുന്നതിലും ഇവര്‍ മുന്‍പന്തിയിലാണ്. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണമായും നിഷേധിച്ചിരുന്ന ഈ വിഭാഗം, അടുത്തകാലത്തായി അതിന് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് കടുത്ത നിയന്ത്രണങ്ങള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും ഉള്ളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പൊതുസമൂഹത്തിലേക്കിറങ്ങാനോ, പൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനോ ഉള്ള നിരോധനം ഇപ്പോഴും തുടരുകയാണ്. ഇവരുടെ വീക്ഷണത്തില്‍ സ്ത്രീ എന്നത് പുരുഷാധിപത്യ ലോകത്തെ കേവലമൊരു അടിമ മാത്രമാണ്. ഭാര്യക്ക് ആര്‍ത്തവമുള്ള സമയത്ത് ഭര്‍ത്താവിന് ലൈംഗികാവശ്യങ്ങള്‍ക്കായി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് അനുയായികള്‍ക്ക് മതവിധി നല്‍കിയ 'ഗ്രാന്‍ഡ് മുഫ്തി' തന്നെയാണ്, സ്ത്രീവിരുദ്ധമായ ഈ കോര്‍പ്പറേറ്റ് ഇസ്‌ലാമിക മാതൃകയെ വളര്‍ത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും നേതൃത്വം നല്‍കിയതെന്നും ശബ്‌നം പറഞ്ഞു.

ഈ 'കോര്‍പ്പറേറ്റ് ഇസ്‌ലാമിന്റെ' കേരളത്തിലെ രമ്യഹര്‍മ്മ്യമായ 'നോളജ് സിറ്റി'യുടെ അത്രമേല്‍ സ്ത്രീവിരുദ്ധമായ മറ്റൊരിടം കേരളത്തിലുണ്ടാകുമോ എന്നറിയില്ല. സ്ത്രീകള്‍ക്ക് പൊതുവേദിയില്‍ കയറാന്‍ നിരോധനമുള്ള, നിഖാബോ ഹിജാബോ ഇല്ലാതെ മുസ്‌ലിം സ്ത്രീകള്‍ക്ക് കടന്നു ചെല്ലാന്‍ അനവധി അദൃശ്യവിലക്കുകള്‍ എങ്ങുമുള്ള ഇത്തരം തടവറകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നു വിളിക്കപ്പെടുന്നത് സമൂഹത്തിനാകമാനം മാനക്കേടാണ്. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി നിരവധി കവികളെ സംഘടിപ്പിച്ച് ഇവര്‍ നടത്തുന്ന കവിയരങ്ങില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ വിവിധ തുറകളില്‍ നിന്നുണ്ടായ പ്രതിഷേധം മാനിച്ച് സ്ത്രീകള്‍ക്കായി പ്രത്യേകം കവിയരങ്ങ് സംഘടിപ്പിച്ച് വെള്ളപൂശാന്‍ ശ്രമിച്ചു. പ്രബുദ്ധമലയാളികള്‍ക്കു തിലകക്കുറി ചാര്‍ത്തുന്ന പല പ്രഗല്‍ഭരും ഈ 'ആണ്‍മാത്ര സദസ്സില്‍' വര്‍ഷങ്ങളായി പങ്കെടുക്കുന്നു എന്നത് അങ്ങേയറ്റം അപമാനകരമാണ്. ആ പരിപാടിയില്‍ പങ്കെടുത്ത കവികളാകമാനം സാംസ്‌കാരിക കേരളത്തോട് മാപ്പു പറയേണ്ടിയിരിക്കുന്നു. കുറച്ചുപേരെങ്കിലും കൃത്യമായ നിലപാടില്‍ ഉറച്ചു മാറിനില്‍ക്കുന്നു എന്നത് ഏറെ ആശ്വാസം തരുന്നതാണ്. ഇവരുടെ സംഘടനകളും, സ്ഥാപനങ്ങളും പള്ളികളുമൊന്നും സ്ത്രീകളെ അടുപ്പിക്കാത്തവയാണെങ്കിലും, രാത്രികാലങ്ങളില്‍ ഓണ്‍ലൈനില്‍ നടക്കുന്ന വിവിധ ആരാധനാപരിപാടികളില്‍ നിഷ്‌കളങ്കരായ പാവം സ്ത്രീകളുടെ പണത്തിനോട് ഇവര്‍ക്കു നിഷേധമൊന്നുമില്ല. അത്തരം ചൂഷണങ്ങള്‍ നിര്‍ബാധം തുടരുകയാണെന്നും ശബ്‌നം പറഞ്ഞു.

ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്നായിരുന്നു സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവാദ സർക്കുലർ. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. ഇസ്‌ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും ഇതിനായി മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Content Highlights- A Kerala writer posted a Facebook note criticizing the Kanthapuram group's alleged stance on women and compared it with Taliban ideology

dot image
To advertise here,contact us
dot image