

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കാന്‍ അവസരം ലഭിക്കുന്നതില്‍ തനിക്ക് അല്പം 'അസൂയ' തോന്നുന്നുണ്ടെന്ന് മുന്‍ നായകന്‍ സുനില്‍ ഛേത്രി. തന്റെ 20 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ലോക ഫുട്‌ബോളിലെ ഇത്രയും വലിയ ടീമുകള്‍ക്കെതിരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും, എന്നാല്‍ ഇപ്പോഴത്തെ യുവതലമുറയ്ക്ക് ആ മഹാഭാഗ്യം ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തിലാണ് ഇന്ത്യ ബ്രസീലിനെ നേരിടുന്നത്. സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ പനാമയ്‌ക്കെതിരെയും ഒക്ടോബര്‍ 6-ന് യുറഗ്വായ്‌ക്കെതിരെയും ഇന്ത്യക്ക് മത്സരങ്ങളുണ്ട്.
കൊല്‍ക്കത്തയില്‍ നടന്ന ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ ഫുട്‌ബോള്‍ അവാര്‍ഡ്‌സ് ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഛേത്രി. 'ഒരു കാണിയെന്ന നിലയില്‍ എനിക്ക് അല്പം അസൂയ തോന്നുന്നുണ്ട്. 26 വര്‍ഷത്തെ പ്രൊഫഷണല്‍ കരിയറിലും ദേശീയ ടീമിനായുള്ള 20 വര്‍ഷത്തോളമുള്ള സേവനത്തിനിടയിലും ഇത്തരമൊരു അവസരം എനിക്ക് ലഭിച്ചിട്ടില്ല. ഇത് അവരുടെ സമയമാണ്. ടീമില്‍ ഒരുപാട് പ്രതിഭയുള്ള യുവതാരങ്ങളുണ്ട്. എല്ലാവര്‍ക്കും അവരുടെ അവസരം ലഭിക്കും; 20 വര്‍ഷം മുന്‍പ് എനിക്ക് അവസരം ലഭിച്ചത് പോലെ' -ഛേത്രി പറഞ്ഞു. ദേശീയ ടീമിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് തമാശരൂപേണയായിരുന്നു മുന്‍ ക്യാപ്റ്റന്റെ മറുപടി: 'ഞാന്‍ ഇപ്പോള്‍ 20 മിനിറ്റ് മാത്രമാണ് പരിശീലനം നടത്തിയത്. എനിക്ക് ഇപ്പോള്‍ 42 വയസ്സായി, ശരിക്ക് ഓടാന്‍ പോലും ബുദ്ധിമുട്ടുകയാണ്' -അദ്ദേഹം പറഞ്ഞു. േടീം സെലക്ഷനെക്കുറിച്ചും ചില കളിക്കാരെ ഒഴിവാക്കിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക്, താന്‍ ഇപ്പോള്‍ കേവലം ഒരു ആരാധകന്‍ മാത്രമാണെന്നും അതിന് പരിശീലകനാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചില പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഛേത്രിയുടെ ഈ പ്രതികരണങ്ങള്‍. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 138-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും, ആഭ്യന്തര ലീഗുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും താരങ്ങളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. തന്റെ കരിയറിലുടനീളം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗ്രാഫ് കയറ്റിറക്കങ്ങളിലൂടെയാണ് പോയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ഛേത്രി, നിലവിലെ സാഹചര്യത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. കളിക്കാര്‍, പരിശീലകര്‍, എഐഎഫ്എഫ്, മാധ്യമങ്ങള്‍ എന്നിവര്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം ഒന്നിച്ചുനിന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. 'റാങ്കിംഗ് താഴേക്ക് പോയതിന് കളിക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഞങ്ങള്‍ ജയിക്കേണ്ട ചില മത്സരങ്ങള്‍ തോറ്റതാണ് ഇതിന് കാരണം. കളിക്കാരനായിരുന്നപ്പോള്‍ ഞാന്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ഇപ്പോള്‍ മോശമായ അവസ്ഥയിലായിരിക്കാം, എന്നാല്‍ എല്ലാവരും ഒന്നിച്ചുനിന്നാല്‍ കാര്യങ്ങള്‍ ശരിയായ ദിശയിലാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'താരങ്ങള്‍ മോശമാണ്, കോച്ച് മോശമാണ്, എഐഎഫ്എഫ് മോശമാണ് എന്ന് പറഞ്ഞ് നമുക്ക് പരസ്പരം പഴിചാരി സമയം കളയാം. അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ച് വന്ന് സംസാരിച്ച് വഴി കണ്ടെത്താം. മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും പങ്കാളിത്തം ഇതില്‍ ആവശ്യമാണ്' -ഛേത്രി പറഞ്ഞു.
content highlights: "Jealous of Players Facing Brazil; We Must Stand Together": Sunil Chhetri