

കാസര്‍കോട്: നേപ്പാളില്‍ നിന്ന് മടങ്ങിയ അഞ്ചംഗ മലയാളി സംഘം കാസര്‍കോടെത്തി. കാഞ്ഞങ്ങാട് റെയിലില്‍വെ സ്‌റ്റേഷനിലാണ് സംഘം ഇറങ്ങിയത്. എറണാകുളത്ത് നിന്നുള്ള ടൂര്‍ പാക്കേജിലാണ് സംഘം വിനോദയാത്രക്കായി നേപ്പാളിലേക്ക് പോയത്. കാഠ്മണ്ഡുവില്‍ നിന്ന് വിനോദസഞ്ചാര മേഖലയിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രളയമുണ്ടവുകയും ഇവര്‍ കുടുങ്ങുകയും ചെയ്തത്.
തിരിച്ചെത്താനായത് വലിയ ആശ്വാസമാണെന്ന് സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ചോപത്തോ മനിറ്റ് അവിടെ തുടരാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പ്രളയത്തിൽ അകപ്പെട്ട് തങ്ങളുടെ വാഹനവും ഒഴുകിപ്പോയേനെയെന്ന് ഇവര്‍ പറയുന്നു.
'കെട്ടിടങ്ങളും വാഹന അവശിഷ്ടങ്ങളുമെല്ലാം ഒഴുകിപ്പോകുന്നത് നേരിട്ട് കണ്ടു. ആ സമയത്ത് ഇതിന്റെ ഭീകരത ഞങ്ങള്‍ക്ക് മനസിലായിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് വലിയ ദുരന്തമാണ് ഉണ്ടായതെന്ന് മനസിലായത്. പിന്നീട് പേടി കൂടിവന്നു. ശേഷം ഫോറസ്റ്റ് വഴിയിലൂടെ 60കിലോമീറ്ററോളം സഞ്ചരിച്ചു. നാട്ടിലെത്തുമോ അതോ കുടുങ്ങിപ്പോകുമോ എന്നൊരു ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഇതൊരു പുനര്‍ജന്മമാണ്. പ്ലാനിലില്ലാതിരുന്ന ഒരു ബുദ്ധക്ഷേത്തില്‍ കയറി പത്തിരുപത് മിനിറ്റോളം ചെലവഴിച്ചു. അതുകൊണ്ടുകൂടിയാവാം രക്ഷപ്പെട്ടത്', സംഘം പറഞ്ഞു.
അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. ഇതിനിടെ ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ചൈന ഞായറാഴ്ച അറിയിച്ചു. ദുരന്തത്തിൽ ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലാ അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാണാതായ വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ നേപ്പാളിൽ നിന്നുള്ളവരാണ്. 104 നേപ്പാൾ പൗരന്മാരെയാണ് കാണാതായിരിക്കുന്നത്. 49 ഇന്ത്യക്കാർ, 33 ലാത്വിയൻ പൗരന്മാർ, 18 അമേരിക്കൻ പൗരന്മാർ, 15 ബ്രിട്ടീഷ് പൗരന്മാർ എന്നിവരെയും കാണാതായതായി അധികൃതർ അറിയിച്ചു. സംഭവവിവരം വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ചൈന അറിയിച്ചതായും അവർ വ്യക്തമാക്കി.
ഇതിനിടെ നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് ഉയരുന്നു. പ്രളയമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് റിപ്പോർട്ടർ ടിവി സംഘം അടക്കമുള്ള മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ നിരവധി പേരെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കാണാതായവരിൽ കുറഞ്ഞത് 540 പേർ വിദേശ പൗരന്മാരാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് വിവരം.
Content Highlights: A five-member Malayali group that returned from Nepal has reached Kasaragod safely