

തിരുവനന്തപുരം: ചേന്തിയിലെ പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയത് അനിലിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. സംഘർഷ സാധ്യത കൂടി കണക്കിലെടുത്താണ് പരിപാടിയിൽ നിന്ന് ഒഴിവായത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരാഴ്ച മുൻപ് വരില്ലെന്ന് അറിയിച്ചിട്ടും ബോധപൂർവ്വം മുഖ്യമന്ത്രിയുടെ ഫ്ലക്സുകൾ വെച്ചുവെന്നാണ് കണ്ടെത്തൽ. ചേന്തി അനിൽ മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയ ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും.
അതേസമയം, റിമാൻഡിൽ കഴിയുന്ന ചേന്തി അനിലിനെതിരെ മറ്റ് കേസുകളില്ല. കേസുകളെല്ലാം കോടതിയിൽ തീർപ്പായി. 2023ൽ തുമ്പയിലെ അടിപിടി കേസ് കേസ് തീർന്നു. ശ്രീകാര്യത്തും കഴക്കൂട്ടം സ്റ്റേഷനിലുമുണ്ടായിരുന്ന കേസുകളും ഒത്തുതീർപ്പാക്കി. കേസെല്ലാം തീർന്നാലും 10 വർഷം വരെ റൗഡി ലിസ്റ്റിൽ തുടരും. എസ്പിക്ക് റിപ്പോർട്ട് നൽകി മാത്രമേ പേര് നീക്കാനാകൂ.
ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്.
മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തിൽ മുൻ ഡിസിസി അംഗം ചേന്തി അനിലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ ശക്തന്റെ പ്രതികരിച്ചിരുന്നു. ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ഇയാൾ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിവരം അറിയില്ലെന്നും എന്‍ ശക്തന്‍ പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുണ്ടെന്ന അനിലിന്റെ വാദം എൻ ശക്തന്‍ തള്ളി.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലെന്നും അനിലിനെതിരെ നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതെന്നും ശക്തൻ പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ അനിലിന് വിശദീകരണം എഴുതി നല്‍കാം. അത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം നടത്തും. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്നും ശക്തന്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Kerala Chief Minister reportedly withdrew from a programme in Chenthi based on an intelligence report that allegedly mentioned links between Anil and anti social elements