

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായത് മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചതുകൊണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതിലൂടെയാണ് വിലക്കയറ്റം തടയാനായത്. ഓണം ഫെയറുകള്‍ നേരത്തെ ആരംഭിച്ചതിലൂടെയും വിലക്കയറ്റം തടയാനായി. ആന്ധ്രാപ്രദേശില്‍ അടക്കം പോയി കാര്യങ്ങള്‍ പഠിച്ചിരുന്നു. അരിയുടെ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും അനൂപ് ജേക്കബ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
രാഷ്ട്രീയ വാദങ്ങള്‍ക്ക് ഓണക്കാലത്തെ ഉപയോഗിക്കരുതെന്നും പറഞ്ഞ അനൂപ് ജേക്കബ്, 33 ദിവസം കൊണ്ട് 400 കോടിയുടെ വിറ്റുവരവ് സപ്ലൈകോ നേടിയെന്നും പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ സബ്സിഡി ഉല്‍പ്പന്നങ്ങളില്‍ അഞ്ച് എണ്ണത്തിന് വില കുറച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹോര്‍ട്ടികോര്‍പ്പ് വഴി പരമാവധി കാര്‍ഷികോത്പന്നങ്ങള്‍ സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ കഴിഞ്ഞു. കര്‍ഷകരുടെ കുടിശ്ശിക കൊടുത്തു വരികയാണെന്നും പതിമൂവായിരത്തോളം കര്‍ഷകര്‍ക്ക് ഓണത്തിന് മുന്‍പ് അക്കൗണ്ട് വഴി പണം നല്‍കിയെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിന് വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയതായി മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞിരുന്നു. ഓണാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി, സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും ആശംസിച്ചു.
Content Highlights: Anoop Jacob said Kerala was able to contain price rises by taking timely measures in advance to control inflation and ensure price stability.