

ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത് സോണുകളാക്കി തിരിക്കുകയും സംഘടനാ ജോയിന്റ് സെക്രട്ടറി, രണ്ട് ദേശീയ വക്താക്കള്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം താഴെത്തട്ടില്‍ സാന്നിധ്യം ഉറപ്പിക്കുകയുമാണ് ലക്ഷ്യം. പ്രദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തും.
രേഖ ശര്‍മ, അക്ഷയ് ഷിന്‍ഡെ, പ്രേം ആകാശ്, അനം ഉസാമ, ബാലകൃഷ്ണ ശുക്ല എന്നിവരാണ് സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍. സുധീര്‍ സംഗ്വാന്‍, സിദ്ധാര്‍ത്ഥ് ഭരദ്വാജ് എന്നിവരെ ദേശീയ വക്താക്കളായും ചുമതലപ്പെടുത്തി.
സെപ്തംബര്‍ അഞ്ചിന് സിജെപി വീണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗേറ്റില്‍ നിന്നും ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് വിവരം. രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ കാര്യങ്ങളിലുള്ള വാഗ്ദാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlights: The Cockroach Janata Party has announced plans for organisational expansion as part of efforts to strengthen its presence and activities.