

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. അനുമതിയില്ലാതെ ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, റെഡ്ബ്ലൂ സ്‌ട്രോബ് ലൈറ്റുകള്‍, മള്‍ട്ടി-കളര്‍ ലൈറ്റുകള്‍, വീല്‍ സ്‌പേസറുകള്‍, അനുവദനീയ പരിധിക്കപ്പുറമുള്ള വീതിയേറിയ ടയറുകള്‍ തുടങ്ങിയക്കെതിരെയാണ് കോടതിയുടെ ഇടപെടല്‍. ഇത്തരം വാഹനങ്ങള്‍ റോഡിലെ മറ്റ് യാത്രക്കാരുടെയും, കാല്‍നടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലും ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിലും വ്യക്തമായി അനുവദിച്ചിട്ടുള്ള ലൈറ്റിങ്, ലൈറ്റ്-സിഗ്‌നലിങ് ഉപകരണങ്ങള്‍, റെട്രോ-റിഫ്‌ലക്ടറുകള്‍ എന്നിവ മാത്രമേ വാഹനങ്ങളില്‍ ഘടിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി ആവര്‍ത്തിച്ചത്. ചട്ടങ്ങളില്‍ പ്രത്യേകമായി അനുവദിച്ചിട്ടില്ലാത്ത ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേരള മോട്ടോര്‍ വാഹന ചട്ടത്തിലെ റൂള്‍ 334 ഉപയോഗിച്ച് ഇളവ് നല്‍കാനാകില്ല. എഐഎസ് 008, എഐഎസ് 052 തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉപയോഗിക്കുന്നത് മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കും. വാഹനത്തിന്റെ നിര്‍മാണം പരിപാലനം എന്നിവയില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വിശദമായ വ്യവസ്ഥകളുണ്ട്. അതിനാല്‍ പ്രത്യേകം അനുവദിച്ചിട്ടില്ലാത്ത മാറ്റങ്ങള്‍ അനുവദനീയമല്ലെന്നുമാണ് കോടതിയുടെ നിലപാട്.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ഉയര്‍ന്ന തീവ്രതയുള്ള ഹെഡ്ലൈറ്റുകളും മറ്റ് ലൈറ്റുകളും എതിര്‍ദിശയില്‍ വരുന്ന ഡ്രൈവര്‍മാരില്‍ കാഴ്ചയ്ക്ക് തടസം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കാല്‍നടയാത്രക്കാര്‍ക്ക് റോഡിലെ കുഴികള്‍, ഓടകള്‍ തുടങ്ങിയവ തിരിച്ചറിയുന്നതിലും ബുദ്ധിമുട്ടുണ്ടാകാം. ഡ്രൈവര്‍മാരുടെ പ്രതികരണ സമയം കുറയുകയും, ദൂരം കൃത്യമായി വിലയിരുത്തുന്നതിലും ലെയിന്‍ നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യാം. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. റെഡ്ബ്ലൂ സ്‌ട്രോബ് ലൈറ്റുകളും അടിയന്തര വാഹനങ്ങളുടെ സൈറണ്‍ അനുകരിക്കുന്ന അനധികൃത ഹൂട്ടറുകളും കര്‍ശനമായി നിരോധിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും ഹൈക്കോടതി പരാമര്‍ശിച്ചു. ഇത്തരം ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുന്നു.
വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഘടിപ്പിച്ച് റോഡിലൂടെ ഓടിക്കുന്നതിന്റെ വീഡിയോകള്‍ വ്‌ലോഗര്‍മാര്‍ യൂട്യൂബില്‍ പ്രചരിപ്പിക്കുന്നതായി ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം വീഡിയോകള്‍ കോടതി തുറന്ന കോടതിയില്‍ തന്നെ പരിശോധിക്കുകയും ചെയ്തിരുന്നു. റെഡ്ബ്ലൂ സ്‌ട്രോബ് ലൈറ്റുകള്‍, ത്രിവര്‍ണ ഫോഗ് ലാമ്പുകള്‍, ഹെഡ്ലൈറ്റിന് മുകളിലായി സ്ഥാപിക്കുന്ന ഓക്‌സിലറി ലൈറ്റുകള്‍, അനധികൃത മള്‍ട്ടി-ഫങ്ഷന്‍ റിയര്‍ ലൈറ്റുകള്‍ തുടങ്ങിയവയുടെ ദൃശ്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. വാഹന ആക്‌സസറി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും, യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സര്‍മാരും ഇത്തരം മാറ്റങ്ങളുടെ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതായി കോടതി നിരീക്ഷിച്ചു.
വാഹനത്തിന്റെ ബോഡിയുടെ സംരക്ഷണ പരിധിക്ക് പുറത്തേക്ക് ചക്രങ്ങള്‍ തള്ളിനില്‍ക്കുന്ന രീതിയില്‍ വീല്‍ സ്‌പേസറുകളും വീതിയേറിയ ടയറുകളും ഉപയോഗിക്കുന്നത് ഗൗരവമേറിയ വിഷയമെന്ന് കോടതി പറഞ്ഞു. ചക്രങ്ങള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ചെളിയും വെള്ളവും റോഡിലെ മറ്റ് യാത്രക്കാരിലേക്കും കാല്‍നടയാത്രക്കാരിലേക്കും തെറിക്കാന്‍ ഇടയാക്കും. സൈക്കിള്‍, ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷയെ ഇത് ബാധിക്കും. ഡീസല്‍ കാറുകളില്‍ തീ പുറത്തേക്ക് വരുന്നതിന് ഉപയോഗിക്കുന്ന ആഫ്റ്റര്‍-മാര്‍ക്കറ്റ് 'ഫ്‌ലെയിം-കിറ്റ്' എക്‌സോസ്റ്റ് സംവിധാനവും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനങ്ങളില്‍ തീ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പെട്രോള്‍ സൂക്ഷിക്കുന്ന ടാങ്ക് വരെ വാഹനത്തിന്റെ ലഗേജ് ഭാഗത്ത് ഘടിപ്പിച്ചിരിക്കുകയാണ്. വലിയ ശബ്ദവും പുറത്തേക്ക് വരുന്ന തീയും വാഹനത്തിലെ യാത്രക്കാര്‍ക്കും റോഡിലെ മറ്റുള്ളവര്‍ക്കും സുരക്ഷാ ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി.
Content Highlights: The Kerala High Court has reiterated the need for strict action against unauthorised vehicle modifications, including high-intensity lights, red-blue strobe lights, multi-colour lights, wheel spacers and oversized tyres. The court observed that such modifications can pose serious safety risks to other road users and pedestrians.