ആരുടെ ആവശ്യപ്രകാരമാണ് ഉള്ളടക്കങ്ങള്‍ തടഞ്ഞത് എന്ന് വ്യക്തമാകണം; മെറ്റയുടെ മറുപടിയില്‍ പ്രതികരിച്ച് പി രാജീവ്

മുഖ്യമന്ത്രി പറയുന്ന നുണകള്‍ക്ക് ആധികാരിത നിര്‍മ്മിച്ച് നല്‍കുകയായിരുന്നു ചില മാധ്യമങ്ങള്‍ എന്നത് ലജ്ജാവഹമാണെന്നും വിമര്‍ശനമുണ്ടായി

ആരുടെ ആവശ്യപ്രകാരമാണ് ഉള്ളടക്കങ്ങള്‍ തടഞ്ഞത് എന്ന് വ്യക്തമാകണം; മെറ്റയുടെ മറുപടിയില്‍ പ്രതികരിച്ച് പി രാജീവ്
dot image

കൊച്ചി: റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത നീക്കം ചെയ്ത നടപടിയിലെ മെറ്റയുടെ മറുപടി വന്നതിന് പിന്നാലെ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. പ്രതിപക്ഷ നേതാവിന്റെ പ്രതികരണവാര്‍ത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവിച്ചത് ഒരു സാങ്കേതിക പിഴവ് അല്ല എന്നും ഒരു പ്രാദേശികമായ ഗവണ്‍മെന്റിന്റെ നിയമപരമായ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങള്‍ നീക്കിയത് എന്നും അര്‍ത്ഥശങ്കയ്ക്കിയിടയില്ലാതെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മെറ്റയുടെ മറുപടി അനുസരിച്ച് ആരുടെ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങള്‍ തടഞ്ഞത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ചില മാധ്യമങ്ങള്‍, മെറ്റയുടേത് സാങ്കേതിക പിഴവാണ് എന്ന് അവര്‍ വ്യക്തമാക്കിയതായി തെളിവുകള്‍ ഒന്നുമില്ലാതെ ആധികാരികമെന്ന മട്ടില്‍ ഒരേപോലെ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്‌തെന്നും രാജീവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പറയുന്ന നുണകള്‍ക്ക് ആധികാരിത നിര്‍മ്മിച്ച് നല്‍കുകയായിരുന്നു ചില മാധ്യമങ്ങള്‍ എന്നത് ലജ്ജാവഹമാണെന്നും വിമര്‍ശനമുണ്ടായി. മോദിയുടെ വഴിക്ക് സതീശന്‍ നീങ്ങുകയാണെന്നും ഇത്തരം ഭരണകര്‍ത്താക്കളുടെ വിധി എന്തെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ചില വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലും അതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രതികരണവാർത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നു. ഇന്ന് റിപ്പോർട്ടർ ടി വിയും ന്യൂസ്‌ മലയാളം 24*7 ചാനലും അവർക്ക് മെറ്റയിൽ നിന്ന് ലഭിച്ച e-mail സന്ദേശം പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തയെ മെറ്റ നിരാകരിക്കുകയാണ്.

സംഭവിച്ചത് ഒരു സാങ്കേതിക പിഴവ് അല്ല എന്നും ഒരു പ്രാദേശികമായ ഗവൺമെന്റിന്റെ നിയമപരമായ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങൾ നീക്കിയത് എന്നും അർത്ഥശങ്കയ്ക്കിയിടയില്ലാതെ തന്നെ പറഞ്ഞിട്ടുണ്ട്. “After thorough consultation with our team, we can confirm that the takedown was executed in compliance with local legal requirements, rather than due to a technical error.” എന്നാണ് ചാനലുകൾക്ക് ലഭിച്ച സന്ദേശത്തിൽ മെറ്റ പറയുന്നത്. അങ്ങനെയെങ്കിൽ ആരുടെ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങൾ തടഞ്ഞത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു.

വി ഡി സതീശനും അദ്ദേഹത്തിന്റെ സർക്കാരിനും എതിരെ വന്ന വാർത്തകൾ മാത്രമാണ് തടയപ്പെട്ടത് എന്നതും അതുതന്നെ ഇന്ത്യയിൽ മാത്രമാണ് തടയപ്പെട്ടത് എന്നതും ആദ്യഘട്ടത്തിൽ തന്നെ സംശയം ഉണ്ടാക്കിയിരുന്നു. “ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ? ഞാൻ ഒരു ഭയങ്കര സംഭവമാണോ?”എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ കളിയാക്കൽ. തുടർന്ന് ചില മാധ്യമങ്ങൾ, മെറ്റയുടേത് സാങ്കേതിക പിഴവാണ് എന്ന് അവർ വ്യക്തമാക്കിയതായി സോഴ്സ് വ്യക്തമാക്കാതെയും തെളിവുകൾ ഒന്നുമില്ലാതെയും ആധികാരികമെന്ന മട്ടിൽ ഒരേപോലെ ഒരുമിച്ച് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹമാണ്.

മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും സ്വന്തം വരുതിയിൽ നിർത്തി എതിർസ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം മോദി സർക്കാരിന്റെതാണ്. ഒരു സങ്കോചവുമില്ലാതെ ആ വഴിക്കുതന്നെയാണ് സതീശനും നീങ്ങുന്നത്. ആശയപ്രചാരണരംഗത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകർത്താക്കളുടെയെല്ലാം സ്ഥാനം ചരിത്രത്തിൽ എവിടെയാണുള്ളത് എന്ന് ഭരിക്കുന്നവർ ചിന്തിക്കുന്നത് നന്നായിരിക്കും.

Content Highlights: CPI(M) central committee member P Rajeev has responded to Meta’s reply regarding the removal of a Reporter news post. In a Facebook post, he alleged that the Chief Minister’s statement on the issue was untrue, citing the removal of a news report featuring the Opposition Leader’s response as well.

dot image
To advertise here,contact us
dot image