ദുബായിൽ ഇന്ത്യൻ പ്രവാസി സംഗമം; വികസിത് ഭാരത് 2047ന് പിന്തുണ

പ്രത്യേക അതിഥിയായി ബോളിവുഡ് നടൻ സുനിൽ ഷെട്ടി പങ്കെടുത്തു

ദുബായിൽ ഇന്ത്യൻ പ്രവാസി സംഗമം; വികസിത് ഭാരത് 2047ന് പിന്തുണ
dot image

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ ഭരണനേതൃത്വത്തോടുള്ള വിശ്വസ്തതയും ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളോടുള്ള പിന്തുണയും പ്രഖ്യാപിച്ച് ദുബായിൽ ഇന്ത്യൻ പ്രവാസികളുടെ വിപുലമായ സംഗമം നടന്നു. ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്) സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ രാജ്യം നൽകുന്ന സുരക്ഷയ്ക്കും അവസരങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് യുഎഇ ഭരണനേതൃത്വത്തോടുള്ള വിശ്വസ്തത പ്രതിജ്ഞയായി പങ്കെടുത്തവർ ഏറ്റുചൊല്ലി. തുടർന്ന് 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവെക്കുന്ന ‘വികസിത് ഭാരത് 2047’ പദ്ധതികൾക്കും അതിന്റെ ഭാഗമായി നടപ്പാക്കുന്ന ‘സപ്തധാര’ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു.

നിർമാണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം, ഹരിത സാമ്പത്തിക മേഖല, കൃഷി, സാംസ്‌കാരിക മുന്നേറ്റം എന്നീ ഏഴ് മുൻഗണനാ മേഖലകളെ കേന്ദ്രീകരിച്ചാണ് ‘സപ്തധാര’ ചട്ടക്കൂട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ താനി അൽ സെയൂദി ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിനന്ദനം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന 45 ലക്ഷത്തിലധികം ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2022 ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം വേഗത്തിൽ വളരുകയാണെന്നും 2032 ഓടെ 200 ബില്യൺ ഡോളർ വ്യാപാരം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയും യുഎഇയും മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

പ്രത്യേക അതിഥിയായി പങ്കെടുത്ത ബോളിവുഡ് നടൻ സുനിൽ ഷെട്ടി പ്രവാസി സംരംഭകരെ പിന്തുണയ്ക്കുന്നതിനുള്ള തന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡിയും ചടങ്ങിനെ അഭിസംബോധന ചെയ്തു. കർമഭൂമിയോടുള്ള വിശ്വസ്തതയും മാതൃഭൂമിയോടുള്ള സ്‌നേഹവും ഒരുപോലെ കാത്തുസൂക്ഷിക്കുന്നവരാണ് പ്രവാസി സമൂഹമെന്ന് കോൺസുൽ ജനറൽ അഭിപ്രായപ്പെട്ടു. ഐപിഎഫ് പ്രസിഡന്റ് ജിതേന്ദ്ര വൈദ്യ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സിദ്ധാർഥ് ബാലചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നൂറിലധികം കലാകാരന്മാർ അണിനിരന്ന സാംസ്‌കാരിക പരിപാടികളും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Contnet Highlight: Indian expatriates at a gathering in Dubai expressed support for the Viksit Bharat 2047 vision during an event organized as part of India's 80th Independence Day celebrations

dot image
To advertise here,contact us
dot image