

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ അറ്റ്‌ഹോം പരിപാടിയില്‍ നിന്ന് പിഎസ്‌സി ചെയര്‍മാനെ ഒഴിവാക്കി ലോക്ഭവന്‍. പിഎസ്‌സി അംഗങ്ങളെയും ക്ഷണിച്ചില്ല. പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റിനിര്‍ത്തല്‍. പിഎസ്‌സി ചെയര്‍മാനെ അറ്റ്‌ഹോം പരിപാടിയില്‍ നിന്നും ഇതാദ്യമായാണ് മാറ്റിനിര്‍ത്തുന്നത്.


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൈകിട്ടാണ് ലോക്ഭവനില്‍ അറ്റ്‌ഹോം എന്ന പേരില്‍ ചായ സൽക്കാരം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, പിഎസ്‌സി ചെയര്‍മാന്‍, പിഎസ്‌സി അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മതമേലധികാരിമാര്‍ അടക്കമുള്ളവരെ ചടങ്ങിലേക്ക് ക്ഷണിക്കാറുണ്ട്. എന്നാല്‍ ശനിയാഴ്ച നടന്ന പരിപാടിയിലേക്ക് പിഎസ്‌സി ചെയര്‍മാനെയോ അംഗങ്ങളെയോ ക്ഷണിച്ചില്ല. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍, വി മുരളീധരന്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്, ബി ബി ഗോപകുമാര്‍ എംഎല്‍എ, ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിഎസ്‌സി പരീക്ഷാക്രമക്കേട് വൻ വിവാദമായ സാഹചര്യത്തിലാണ് ലോക്ഭവൻ ചെയർമാനെ അടക്കം മാറ്റിനിർത്തിയത്.


പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ചെയര്‍മാന്‍ എം ആര്‍ ബൈജു അടക്കം ആരോപണവിധേയനാണ്. പരീക്ഷാ ക്രമക്കേടിയില്‍ ചെയര്‍മാനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം ആര്‍ ബൈജുവിനെതിരെയും അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ തീരുമാനം. തെളിവുകള്‍ ശേഖരിക്കാനുള്ള പ്രാഥമിക അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ തുടരന്വേഷണവും ചോദ്യം ചെയ്യലുമുണ്ടായിരിക്കും.
Content Highlights- Kerala Lok Bhavan reportedly excluded the Kerala Public Service Commission Chairman from the traditional ‘At Home’ reception held as part of Independence Day celebrations.