

കണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് എം രതീശന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണവും അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും മനം നൊന്ത് രതീശന്‍ ആതമഹത്യ ചെയ്ത സംഭവം ദു:ഖകരവും അതീവ ഗൗരവമുള്ള വിഷയമാണെന്ന് സനോജ് പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദര്‍ശന്‍ നേത്യത്വം നല്‍കുന്ന തട്ടിപ്പ് സംഘത്തിലെ തലശേരിയിലെ പ്രധാന കണ്ണിയായിരുന്നു ബിജെപി നേതാവ് രതീശനെന്ന് സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
'വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇവര്‍ വന്‍ തോതില്‍ പണം തട്ടിയിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ രതീശന്‍ ഇടനില നിന്ന് വൈശാഖിന് വാങ്ങി നല്‍കിയ ലക്ഷങ്ങള്‍ തിരികെ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് വരികയായിരുന്നു. ഇതേ തുടര്‍ന്ന് രതീശന്‍ ആത്മഹത്യ ചെയ്തു. ഇത് ഒരു ആത്മഹത്യാ പ്രേരണക്കേസില്‍ മാത്രം ഒതുക്കേണ്ട വിഷയമല്ല. പണത്തിന്റെ ഇടപാടുകള്‍, ഇടനിലക്കാര്‍, ബിജെപി- കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യത്തിലെ അവിഹിത ഇടപാടുകള്‍, ഉന്നത ബന്ധങ്ങള്‍ എല്ലാം നിഷ്പക്ഷമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം. തൊഴില്‍ സ്വപ്നങ്ങളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് മാഫിയക്കെതിരെ ശക്തമായ നടപടി വേണം. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണം', വി കെ സനോജ് പറഞ്ഞു.
ജൂലൈ മൂന്നിനാണ് തലശ്ശേരിയിലെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സ്വന്തം ഓഫീസില്‍ രതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീശന്റെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എം ദര്‍ശനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് രതീശന്‍ വഴി വൈശാഖ് നിരവധി പേരില്‍ നിന്നായി 25ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. ടിടിആര്‍ പോസ്റ്റിലേക്ക് വ്യാജ നിയമനക്കത്തും നല്‍കി. എന്നാല്‍ ആര്‍ക്കും ജോലി ലഭിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ ഈ മാസം ആദ്യം പണം തിരിച്ചുനല്‍കാമെന്ന് വൈശാഖ് ഉറപ്പുനല്‍കുകയായിരുന്നു. എന്നാല്‍ വൈശാഖ് വാക്കുപാലിക്കാതെ വന്നതോടെ രതീശന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
Content Highlights: DYFI state secretary V K Sanoj has responded to the incident involving Thalassery BJP local leader M Ratheesh