

മത്സരത്തിനിടെ ഡ്രസ്സിങ് റൂമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും കാമുകിക്ക് മെസ്സേജ് അയക്കുകയും ചെയ്ത തമിഴ്നാടിന്റെ രഞ്ജി ട്രോഫി താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ. കളിക്കാര്‍ക്കും മാച്ച് ഒഫീഷ്യലുകള്‍ക്കും മാത്രം പ്രവേശനമുള്ള മേഖലയില്‍ മൊബൈല്‍ ഫോണ്‍ കൈവശം വെച്ചതിനും ഉപയോഗിച്ചതിനും താരത്തിന് ഒരു ലക്ഷം രൂപ പിഴയും തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തി.
ബിസിസിഐയുടെ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റാണ് നിയമലംഘനം കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ താരത്തിന്റെ പേര് വിവരങ്ങള്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും, കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ ഓള്‍റൗണ്ടറായ ഇടങ്കയ്യന്‍ കളിക്കാരനാണ് ഇയാളെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബിസിസിഐയുടെ ആന്റി കറപ്ഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് മത്സരസമയത്ത് ഡ്രസ്സിങ് റൂമിലോ പരിസരത്തോ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങി വിവരവിനിമയം നടത്താന്‍ കഴിയുന്ന ഒരു ഉപകരണവും ഉപയോഗിക്കാന്‍ അനുവാദമില്ല. ഇത്തരം ഉപകരണങ്ങള്‍ സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കണമെന്നാണ് നിയമം. കളിക്കാരന്‍ വാതുവെപ്പിലോ അഴിമതിയിലോ ഏര്‍പ്പെട്ടതായി തെളിവുകളൊന്നുമില്ലെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡ്രസ്സിങ് റൂമിലിരുന്ന് കാമുകിക്ക് സന്ദേശമയച്ചതാണ് അച്ചടക്ക നടപടിക്ക് കാരണമായത്. ഈ സീസണില്‍ ഐപിഎല്ലിലും തമിഴ്നാട് പ്രീമിയര്‍ ലീഗിലും ആശയവിനിമയ ഉപകരണങ്ങളുടെ ഉപയോഗത്തിനെതിരെ ബിസിസിഐ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
content highlights: Cricket Player Fined ₹1 Lakh for Messaging Girlfriend During Match