

കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. സിപിഐഎം അംഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തിൽ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വളർച്ചയിൽ നേതൃപരമായി നിരവധി സംഭാവനകൾ എം പി പരമേശ്വരൻ നൽകിയിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചർച്ചകൾ ശക്തമാക്കാനും ശാസ്ത്രീയ മനോഭാവം വളർത്താനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായിച്ചിച്ചുണ്ട്. മാർക്സിസ്റ്റ് ആശയങ്ങളെയും ശാസ്ത്രീയ ചിന്തയെയും സാമൂഹിക വികസനത്തെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധിയായ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
പരിസ്ഥിതി വിഷയങ്ങളിലും അദ്ദേഹത്തിൻ്റെ പഠനങ്ങൾ ശ്രദ്ധേയമായിരുന്നു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ കേരളം ഗൗരവത്തിൽ ചർച്ച ചെയ്തിരുന്നു. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച് വരുന്ന സമയത്താണ് ജോലി രാജിവെച്ച് 1975ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനായി മാറുകയായിരുന്നു. പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ എം പി പരമേശ്വരൻ പിന്നീട് നിർണ്ണായക പങ്കുവഹിച്ചു. തുടക്കത്തിൽ ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഘടനയെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പിന്നീട് ശാസ്ത്രത്തെ ജനകീയമാക്കാനും ശാസ്ത്രീയ ചിന്ത പ്രചരിപ്പിക്കാനും ലോകത്ത് തന്നെ ഉണ്ടായ ഏറ്റവും വിപുലമായ ജനകീയ മുന്നേറ്റങ്ങളിലൊന്നായി മാറിയതിൽ എം പി പരമേശ്വരൻ്റെ കൈയ്യൊപ്പും പതിഞ്ഞിട്ടുണ്ട്.
കേരളത്തിലെ സമ്പൂർണ സാക്ഷരതാ പ്രവർത്തനങ്ങളിലും അതിന് പിന്നാലെയുണ്ടായ ജനകീയ ആസൂത്രണ പദ്ധതിയിലും എം പി പരമേശ്വരൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സമ്പൂർണ സാക്ഷരത, അധികാരവികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ പദ്ധതികളിൽ നേതൃപരമായ പങ്ക് തന്നെ എം പി പരമേശ്വരൻ വഹിച്ചിട്ടുണ്ട്. പിന്നീട് സാക്ഷരത എന്ന ആശയം ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയിലൂടെ ഇന്ത്യയിലെ ഓരോ ഗ്രാമത്തിലേക്കും എത്തിക്കുന്ന പ്രവർത്തനങ്ങളിലും എം പി പരമേശ്വരൻ പങ്കാളിയായി.
മാർക്സിസത്തെ സ്വന്തം രീതിയിൽ വ്യാഖ്യാനിച്ച സൈദ്ധാന്തികൻ എന്ന നിലയിലും എം പി പരമേശ്വരന് പ്രാധാന്യമുണ്ട്. മാർക്സിസത്തെ പുതിയ കാലത്ത് അദ്ദേഹം തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു. സോവിയറ്റ് യൂണിൻ്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് ബ്ലോക്കിൻ്റെയും തകർച്ചയ്ക്ക് പിന്നാലെയാണ് ജനാധിപത്യത്തിൽ ഊന്നിയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകളിൽ ഊന്നിയുള്ള സൈദ്ധാന്തിക ചർച്ചകൾക്ക് എം പി പരമേശ്വരൻ തുടക്കം കുറിച്ചത്.അതിൽ നിന്നാണ് പിന്നീട് വിവാദമായ ‘നാലാം ലോകം’ എന്ന ആശയം രൂപപ്പെടുന്നത്. നാലാം ലോക വിവാദത്തോടെ എം പി പരമേശ്വരൻ സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. ‘ഉലയാത്ത സ്വപ്നങ്ങൾ’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ആത്മകഥ ഈ സൈദ്ധാന്തികവും സംഘടനാപരവും വ്യക്തിപരവുമായ മാറ്റങ്ങളെ എം പി പരമേശ്വരൻ മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി ഒരു മാർക്സിസ്റ്റായ താൻ ഉയർത്തുന്ന വിഷയങ്ങളെ ഇടതുപക്ഷം വേണ്ടത്ര മനസ്സിലാക്കിയില്ലെന്നതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
1935 ജനുവരി 18ന് തൃശൂർ ജില്ലയിലെ കിരാലൂരായിരുന്നു എം പി എം പി പരമേശ്വരൻ്റെ ജനനം. തൃശൂർ സിഎംഎസ് ഹൈസ്കൂൾ, സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1957-ൽ ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി ചേർന്നു. 1975 ജോലി രാജിവെച്ചതിന് പിന്നാലെ അദ്ദേഹം സിപിഐഎമ്മിൻ്റെ മുഴുവൻ സമയ പ്രവർത്തകനായി.
സിപിഐഎമ്മിൻ്റെ ഭാഗമായി മാറിയതിന് പിന്നാലെ ചിന്ത വാരികയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ ഭാഗമായി എം പി പരമേശ്വരൻ പ്രവർത്തിച്ചു. കുറച്ചുകാലം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു. ആ കാലത്ത് മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അദ്ദേഹം നിരവധി ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വൈരുധ്യാത്മക ഭൗതികവാദം പോലുള്ള ഗഹനമായ വിഷയങ്ങൾ പോലും വളരെ ലളിതമായ ഭാഷയിൽ എം പി പരമേശ്വരൻ വിശദീകരിച്ചിട്ടുണ്ട്. 2017ൽ കേരള സാഹിത്യ അക്കാഡമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിനും എം പി പരമേശ്വരൻ അർഹമായി. എകെജിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഷാജി എം കരുൺ സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയിൽ ഇഎംഎസിൻ്റെ കഥാപാത്രമായി അഭിനയിച്ചതും എം പി പരമേശ്വരനായിരുന്നു.
Content Highlights: Marxist theorist and renowned science communicator M P Parameswaran has passed away. He was widely known for his contributions to science popularisation and Marxist thought in Kerala