'ഞാന്‍ കുറച്ച് പ്രശ്‌നത്തിലാണുള്ളത്, മനസിനും ശരീരത്തിനും ബുദ്ധിമുട്ടുണ്ട്'; ആശാലതയുടെ ശബ്ദ സന്ദേശം പുറത്ത്

സ്ഥലം മാറ്റത്തിന് ശേഷം ആശാലത കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞു

'ഞാന്‍ കുറച്ച് പ്രശ്‌നത്തിലാണുള്ളത്, മനസിനും ശരീരത്തിനും ബുദ്ധിമുട്ടുണ്ട്'; ആശാലതയുടെ ശബ്ദ സന്ദേശം പുറത്ത്
dot image

കാസര്‍കോട്: കളക്ട്രേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം. സ്ഥലം മാറ്റത്തിന് ശേഷം ആശാലത കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഭവത്തിൽ ആശാലതയുടെ ശബ്ദ സന്ദേശം റിപ്പോര്‍ട്ടറിന് ലഭിച്ചിട്ടുണ്ട്. ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടെന്നും വലിയ മാനസിക വിഷമത്തിലാണെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ 18ന് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'ഞാന്‍ കുറച്ച് പ്രശ്‌നത്തിലാണ് ഉള്ളത്. ടെന്‍ഷന്‍ ഉണ്ട്. ഓഫീസിലെ കാര്യവും വീട്ടിലെ കാര്യവുമായിട്ട്. എനിക്ക് മനസിനും ശരീരത്തിനും ബുദ്ധിമുട്ടുണ്ട്.' എന്നാണ് ആശാലതയുടെ ശബ്ദ സന്ദേശം.

ഭരണം മാറിയതിന് ശേഷം ഓഫീസിലെ പരിപാടികളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയിരുന്നുവെന്നും ഒറ്റപ്പെടുത്തുകയാണെന്നും ആശാലത ഒരാഴ്ച്ച മുമ്പ് പറഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് അജയന്‍ പറഞ്ഞു. രാഷ്ട്രീയം നോക്കി നോട്ടപ്പുള്ളിയാക്കിയെന്ന് ആശലത പറഞ്ഞിരുന്നതായി സഹോദരന്‍ വിജയ് കുമാറും പ്രതികരിച്ചു.

ആശാലതയുടെ മരണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎമ്മിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ റവന്യൂ കമ്മീഷണറുമായും ജില്ലാകളക്ടറുമായും സംസാരിച്ചതായും റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പ്രതികരിച്ചിരുന്നു.

ഈ മാസം ഏഴിനാണ് ആശാലത വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളര്‍ത്തിയെന്നും ഇതാനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് ആശാലതയുടെ മരണമൊഴിയായി രേഖപ്പെടുത്തിയത്. ആശുപത്രിയില്‍ വെച്ച് പൊലീസിന് നല്‍കിയ മൊഴിയില്‍ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മര്‍ദ്ദമാണ് കാരണമായി പറഞ്ഞിട്ടുള്ളത്. എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് മാറ്റിയത്.

അതേസമയം കണ്ണൂരില്‍ ഇന്നലെ സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നതിനു പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ചൊക്ലി പഞ്ചായത്തിലെ എച്ച് ഐ ദീപ ലേഖ ആണ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. ദീപയെ പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നതിനു പിന്നാലെയാണ് സംഭവം. സ്ഥലംമാറ്റത്തില്‍ മനോവിഷമം ഉണ്ടായിരുന്നുവെന്ന് ദീപ ലേഖ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Content Highlights: Family Files Complaint Over Senior Clerk Ashalatha’s Incident at Collectorate

dot image
To advertise here,contact us
dot image