N ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമി നേതാവിന് നിയമനം; പദവിക്ക് അനുയോജ്യനെന്ന് മന്ത്രിയുടെ ന്യായീകരണം

സ്റ്റാഫില്‍ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ നിയമനം

N ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമി നേതാവിന് നിയമനം; പദവിക്ക് അനുയോജ്യനെന്ന് മന്ത്രിയുടെ ന്യായീകരണം
dot image

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്റെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിന് നിയമനം. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റായ കെ കെ അഷ്‌റഫിനെയാണ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഓഫീസ് അറ്റന്‍ഡന്റ് പദവിയിലാണ് അഷ്‌റഫിന് നിയമനം നല്‍കിയിരിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അഷ്‌റഫ് നിലവില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. അഷ്‌റഫിന് നിയമനം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. അതേസമയം അഷ്‌റഫിന്റെ പശ്ചാത്തലം പരിശോധിച്ചില്ലെന്നും ബയോഡേറ്റ ലഭിക്കുകയായിരുന്നുവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പദവിക്ക് അനുയോജ്യനെന്ന് തോന്നിയതുെകാണ്ടാണ് നിയമനം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

സ്റ്റാഫില്‍ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ നിയമനം. യുഡിഎഫ് സര്‍ക്കാരില്‍ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അകത്ത് വന്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനകളില്‍ നിന്ന് ആരെയും പരിഗണിക്കുന്നില്ലെന്ന പരാതിയുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ ലീഗ് മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. അഞ്ച് മന്ത്രിമാരെയും വിളിച്ചുവരുത്തി സംസാരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്റ്റാഫ് നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്നും പോഷക സംഘടനകളെ കൂടി പരിഗണിക്കുമെന്നും നേതൃത്വം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി പിഎംഎ സലാം, റഷീദ് അലി തങ്ങള്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ കൃത്യമായി പരിശോധിച്ച ശേഷമായിരുന്നു നിയമനത്തിനായുള്ള പട്ടിക സമിതി തയ്യാറാക്കി നല്‍കിയത്. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

Content highlights- A Jamaat e Islami leader has been appointed as a staff member in the office of Kerala Minister N Samsuddeen

dot image
To advertise here,contact us
dot image