

കൊച്ചി: വീണ്ടും സര്‍ക്കാര്‍ ഇടപെടലില്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്ത നീക്കം ചെയ്ത് മെറ്റ. കാണാതായ മത്യത്തൊഴിലാളി ജോണിന്റെ മകള്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ചതായുള്ള വാര്‍ത്തായാണ് മെറ്റ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ വാര്‍ത്തയും ഫേസ്ബുക്കില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായ വാര്‍ത്തയാണ് മെറ്റ ആദ്യം റിമൂവ് ചെയ്തത്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജോണിന്റെ മകളുടെ പ്രതികരണം അടങ്ങുന്ന വാര്‍ത്തയും സമാനമായി നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.
ഐടി നിയമത്തിന്റെ ഭാഗമായുള്ള നടപടിയെന്നാണ് മെറ്റയുടെ മറുപടി. പരാതിയുടെ പേരിലാണ് വാര്‍ത്ത നീക്കം ചെയ്തതെന്നും മെറ്റ സമ്മതിക്കുന്നുണ്ട്. കലാപാഹ്വാനം മതസ്പര്‍ധ പോലുള്ള പോസ്റ്റുകള്‍ നീക്കാന്‍ വേണ്ടിയുള്ള നിയമമുപയോഗിച്ചാണ് സര്‍ക്കാര്‍ മെറ്റയെക്കൊണ്ട് വാര്‍ത്തകള്‍ നീക്കം ചെയ്യിപ്പിച്ചിരിക്കുന്നത്. നിയമം മറയാക്കി ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ നീക്കം ചെയ്യിപ്പിക്കുന്ന നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പാത പിന്തുടരുവെന്ന കടുത്ത വിമര്‍ശനമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. മെറ്റയെ ഉപയോഗിച്ച് ഓഫീസിന് എതിരായ പോസ്റ്റുകള്‍ മുഖ്യമന്ത്രി ഒഴിവാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വിമര്‍ശനങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം മെറ്റയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണം. മെറ്റയ്ക്ക് മോശമെന്ന് തോന്നിയതുകൊണ്ടാകാം വാര്‍ത്തകള്‍ നീക്കിയ നടപടിയെന്നാണ് ഒ ജെ ജനീഷ് പ്രതികരിച്ചത്.
Content Highlights: A Reporter news report criticising the Chief Minister's daughter was reportedly removed from Facebook following government intervention, raising fresh concerns over press freedom.