

ബംഗാളിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്ററായ അഭിഷേക് പോറെലിനെ പീഡനക്കേസില്‍ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഹൂഗ്ലിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത 23-കാരനായ പോറെലിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ താരത്തെ ചിന്‍സുറ കോടതിയില്‍ ഹാജരാക്കി. വിവാഹവാഗ്ദാനം നല്‍കി പോറെല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് ആരോപിച്ച് യുവതി മൊഗ്ര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ്. ഭീഷണിപ്പെടുത്തല്‍, സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിക്കല്‍ എന്നീ ആരോപണങ്ങളും പരാതിയിലുണ്ട്. ഈ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിഷയം നിലവില്‍ അന്വേഷണത്തിലാണെന്നും പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പോറെലിനെ അറസ്റ്റ് ചെയ്യാന്‍ കല്‍ക്കട്ട ഹൈക്കോടതി ബംഗാള്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ നടപടി.
ജൂലൈ 14 ലെ ഉത്തരവില്‍, ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പോറെലിനെയും മറ്റൊരു പ്രതിയെയും പിടികൂടാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. പരാതിക്കാരിയുമായി ബന്ധപ്പെട്ട സ്വകാര്യ ദൃശ്യങ്ങളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. ഒരു പെന്‍ഡ്രൈവ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പോറെല്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചിരുന്നു.
പരാതി പ്രകാരം, 2023-ലാണ് യുവതി പോറെലുമായി ആദ്യമായി ബന്ധപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം കുടുംബങ്ങള്‍ ഉള്‍പ്പെട്ട വിവാഹ ചര്‍ച്ചകളിലേക്ക് കടന്നതായും പരാതിയില്‍ പറയുന്നുണ്ട്. 2026 ഏപ്രില്‍ രണ്ടിന് ഡല്‍ഹിയില്‍ വെച്ചാണ് പരാതിയില്‍ അരോപിക്കപ്പെട്ട സംഭവമുണ്ടായതെന്നും അതില്‍ തനിക്ക് മര്‍ദ്ദനമേറ്റുവെന്നും തടഞ്ഞുവെച്ചുവെന്നും, ഭക്ഷണം നിഷേധിച്ചതിനെത്തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നുവെന്നും യുവതി ആരോപിക്കുന്നുണ്ട്.
ബംഗാള്‍ ക്രിക്കറ്റിലെ പ്രമുഖ താരമായ പോറെല്‍ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. ഇടങ്കയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അദ്ദേഹം 2021-22 സീസണിലാണ് ബംഗാളിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഇന്ത്യ എ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2023-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേര്‍ന്ന താരം കഴിഞ്ഞ സീസണുകളില്‍ ടീമിന്റെ പ്രധാന ഭാഗമായിരുന്നു. അന്വേഷണവും കോടതി നടപടികളും നടക്കാനിരിക്കെ, കേസ് യുവ ക്രിക്കറ്ററുടെ കരിയറിന് വലിയ തിരിച്ചടിയാകും. പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ മുന്‍പ് ഈ ആരോപണങ്ങള്‍ നിഷേധിച്ച പോറെല്‍, പോലീസ് അന്വേഷണത്തിന് ശേഷം വിശദമായി മറുപടി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളെല്ലാം അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു. പോറെല്‍ നിലവില്‍ കേസിലെ പ്രതിയായി തുടരുകയാണെന്നും കുറ്റം തെളിയിക്കപ്പെടുന്നത് കോടതി നടപടികളിലൂടെയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
content highlights: IPL Cricketer Abhishek Porel Arrested on Sexual Assault Charges