

ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. പാർലമെൻറ് സമ്മേളനം കഴിഞ്ഞാൽ ചർച്ചകൾ പൂർത്തിയാക്കി അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വി ഡി സതീശൻ മന്ത്രിസഭയിൽ അംഗമായതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
കെസി വേണുഗോപാലിൻ്റെ വസതിയിൽ എത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന. കെ സി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ജോസഫ് വാഴയ്ക്കൻ അടക്കമുള്ള പേരുകളും സജീവമയി ചർച്ചകളിലുണ്ട്.
നേതാക്കൾ പല വഴിക്ക് രാഹുൽ ഗാന്ധിയുടെ മുന്നിൽ തങ്ങളുടെ താൽപര്യം എത്തിക്കുന്നു എന്നാണ് വിവരം. കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മല്ലികാർജുൻ ഖർഗെയുടെ പിന്തുണയുണ്ട്. കെപിസിസി അധ്യക്ഷ ചർച്ചകൾ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിൻ്റെ ആലോചന. മുതിർന്ന നേതാക്കളിൽ നിന്ന് അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് ദീപ ദാസ് മുൻഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻ കെപിസിസി അധ്യക്ഷന്മാരുടെ അഭിപ്രായങ്ങൾ ദീപദാസ് മുൻഷി തേടും. കെപിസിസി അധ്യക്ഷൻ്റെ കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ എടുക്കുന്ന നിലപാട് നിർണായകമായിരിക്കും. സർക്കാരുമായി യോജിച്ച് പോകുന്ന കെപിസിസി അധ്യക്ഷനെ വേണമെന്ന താൽപ്പര്യമാണ് വി ഡി സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. സർക്കാരും പാർട്ടിയും ഒരുമിച്ച് പോകുന്ന ഒരു ഫോർമുലയാണ് ഹൈക്കമാൻഡും പരിഗണിക്കുന്നത്. ഈ മാസം 13 ന് പാർലമെൻ്റ് സമ്മേളനം കഴിഞ്ഞാൽ ഉടൻ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം.
Content Highlights: Mathew Kuzhalnadan MLA met KC Venugopal and expressed his interest in the KPCC president post amid discussions over the Congress leadership in Kerala.