'ഇവിടെ ഒരു ഫിഷറീസ് മന്ത്രിയുണ്ടോ?, റവന്യൂ മന്ത്രിയും ഭക്ഷ്യ മന്ത്രിയും എവിടെ?'; സർക്കാരിനെതിരെ ബിനോയ് വിശ്വം

ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ബിനോയ് വിശ്വം

'ഇവിടെ ഒരു ഫിഷറീസ് മന്ത്രിയുണ്ടോ?, റവന്യൂ മന്ത്രിയും ഭക്ഷ്യ മന്ത്രിയും എവിടെ?'; സർക്കാരിനെതിരെ ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: തീരദേശ മേഖലയില്‍ ജനങ്ങൾ ആകെ വലയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നൂറ് കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇതൊക്കെ കേള്‍ക്കാന്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ എവിടെയാണെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നില്ല. ദുരന്ത മേഖലയിലാണ് ആ ചേര്‍ത്ത് പിടിക്കല്‍ ഉണ്ടാകേണ്ടത്. മലനാട്ടിലും ഇടനാട്ടിലും തീരദേശത്തും ഒന്നും അതില്ല. രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ നിര്‍ബന്ധിതര്‍ ആകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആയിരക്കണക്കിന് പേര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. പലര്‍ക്കും വീടുകളും കടകളും നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഇടപെടലിനായി എല്ലാവരും കാത്തിരിക്കുകയാണ്, എന്നാല്‍ അതില്ല. ആകെ ഉണ്ടായത് ഒരു ഫോണ്‍ വിളി മാത്രമാണ്. അച്ഛനെ കാത്തിരിക്കുന്ന മകളെ ഫോണ്‍ വിളിച്ചു, അതാണ് വലിയ രക്ഷാപ്രവര്‍ത്തനം. ഫിഷറീസ് മന്ത്രി ഉണ്ടോ, ഉണ്ടെങ്കില്‍ ഇവിടെ എന്നാണ് തീരദേശ മേഖല ചോദിക്കുന്നത്. റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥരും എവിടെയാണ്?. കഴിഞ്ഞകാലത്ത് ഇത്തരംഘട്ടങ്ങളില്‍ ഭക്ഷ്യമന്ത്രി അടിയന്തരമായി ഇടപെടും. ഇപ്പോള്‍ ഭക്ഷ്യ മന്ത്രി എവിടെയാണെന്നും ബിനോയ് വിശ്വം ചോദിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തിയത് ഒന്നും ചെയ്യാതിരിക്കാം എന്ന മാര്‍ഗമാണ്.
മത്സ്യത്തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ എന്താണ് രക്ഷാമാര്‍ഗം എന്ന് ജോണിന്റെ മകള്‍ ചോദിക്കുന്നു. ഈ ചോദ്യം ഒരാളിനോട് ആല്ല. കേരളത്തോട് ആണ്. ഇതിന് ഉത്തരം കൊടുക്കാന്‍ കഴിയാത്ത ഗവണ്‍മെന്റിനെ സര്‍ക്കാര്‍ എന്ന് വിളിക്കാന്‍ നാണക്കേട് തോന്നുന്നു. ഗിമ്മിക്കുകള്‍ കൊണ്ട് സര്‍ക്കാര്‍ ആവില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ പോയാല്‍ പോര. അങ്ങനെ പോയാല്‍ വിലപ്പെട്ട പല ജീവനുകളും നഷ്ടമാകും. ഇപ്പോളത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടത് ഇതല്ല. സര്‍ക്കാര്‍ പല പാഠങ്ങളും പഠിക്കാന്‍ ഉണ്ട്. അര്‍ഹതപ്പെട്ട പരിഹാരം കുടുംബങ്ങള്‍ക്ക് നല്‍കണം. കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കണം. അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ഹെലികോപ്റ്റര്‍ യാത്രയും ഭാര്യാ ബന്ധവും ഇന്‍വെസ്റ്റര്‍മാരും മാത്രം പോരാ. കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലും മുഖ്യമന്ത്രി പോകണം. അപ്പോള്‍ മാത്രമേ ശുദ്ധീകരിക്കപ്പെടൂ. ആരാണ് ആ ഇന്‍വെസ്റ്റര്‍ എന്ന് ഇപ്പോഴും അറിയില്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി ഹെലികോപ്റ്റര്‍ പറപ്പിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അപകടം ഉണ്ടായ സമയത്തൊക്കെ പോയിട്ടുണ്ട്. ആ കാലത്ത് ഒന്നും സര്‍ക്കാര്‍ ഇങ്ങനെ ഉറങ്ങിയിട്ടില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പൂര്‍ണമായി പാടാനുള്ള തീരുമാനത്തിനെതിരെയും ബിനോയ് വിശ്വം വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യ ഒരു മതരാഷ്ട്രം അല്ല. എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനം ഉണ്ട്. ആദ്യത്തെ രണ്ട് ഭാഗം പാടാം. അതിനുശേഷം ഉള്ളത് ഒരു മതത്തിന്റെ ദൈവത്തിനുള്ള പ്രത്യേക സ്തുതിയാണ്. അങ്ങനെ ഒന്നിനെ ദേശീയ ഗീതം എന്ന് വിളിക്കുന്നത് ഉചിതമാണോ എന്ന് ആലോചിക്കണം. ആ മതത്തില്‍ പെടാത്ത എത്രയോ പേര്‍ ഇവിടെയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥ തോന്നും. അത്തരം ഭയം അവരുടെ ഉള്ളില്‍ ഉണ്ട്. സത്യപ്രതിജ്ഞ ദിവസം തന്നെ പൂര്‍ണമായി പാടിയത് കണ്ടതാണ്. ഗുരുതര പ്രശ്‌നമാണതെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

Content Highlights- CPI leader Binoy Viswam criticized the Kerala government, questioning the roles and presence of the fisheries, revenue and food ministers.

dot image
To advertise here,contact us
dot image