സംഘപരിവാറിൻ്റെ ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

'അവന്റെ ആ എടുത്തുചാട്ടത്തെ വിമര്‍ശിക്കുമ്പോള്‍ അതിന് കാരണമായ പൊലീസിന്റെ കള്ളക്കേസിനെ ഞാന്‍ നിസ്സാരവല്‍ക്കരിക്കുന്നില്ല. അതില്‍ അവനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്'

സംഘപരിവാറിൻ്റെ ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി
dot image

കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. അര്‍ജുന്‍ ആയങ്കി പൊലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും എന്നാല്‍ തെറ്റ് ചെയ്തുവെന്നതിന്റെ പേരില്‍ ഒരു പൗരനെ 'വെടിവെച്ചുകൊല്ലാന്‍' ഉത്തരവിടാന്‍ ഇത് സംഘപരിവാറിൻ്റെ ബുള്‍ഡോസര്‍ ഭരണമുള്ള ഉത്തര്‍പ്രദേശോ ബിഹാറോ അല്ല എന്നും ആകാശ് തില്ലങ്കേരി പറഞ്ഞു. വാക്കിന് തോക്കാണ് മറുപടിയെങ്കില്‍ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരുമെന്നും ആകാശ് തില്ലങ്കേരി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം.

'കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവന്‍ അങ്ങനെ പ്രതികരിച്ചത്. ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാന്‍ എളുപ്പമാണ്. അവന്റെ ആ എടുത്തുചാട്ടത്തെ വിമര്‍ശിക്കുമ്പോള്‍ അതിന് കാരണമായ പൊലീസിന്റെ കള്ളക്കേസിനെ ഞാന്‍ നിസ്സാരവല്‍ക്കരിക്കുന്നില്ല. അതില്‍ അവനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്', ആകാശ് തില്ലങ്കേരി പറയുന്നു.

എന്നാല്‍, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാന്‍ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഭരണകൂട ഭീകരതയ്ക്കും സംഘി മോഡല്‍ അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഭരണകൂടത്തിന്റെ തോക്കിന്‍മുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ മുന്നില്‍ തന്നെയുണ്ടാകും', എന്നും ആകാശ് തില്ലങ്കേരി കുറിച്ചു.

ഗുണ്ടകളെ കൈകാര്യം ചെയ്യാന്‍ പൊലീസിന് പ്രത്യേക കരുത്തുണ്ടെന്നും പൊലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അർജുൻ ആയങ്കിയെ പിടികൂടാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിരുന്നു. വേണമെങ്കിൽ അർജുൻ ആയങ്കിയെ വെടിവെച്ച് പിടികൂടാമെന്ന നിലയിൽ പൊലീസിന് നിർദ്ദേശം നൽകിയെന്ന വാർത്തകളും ഇതിനിടെ പുറത്ത് വന്നിരുന്നു. കോതമംഗലത്തെ വിവാഹപാര്‍ട്ടിക്കിടെ അറസ്റ്റുചെയ്ത് ജയിലിലടച്ച കേസിലായിരുന്നു അർജുൻ ആയങ്കിയുടെ വെല്ലുവിളി. തനിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ എടുത്തത് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാന്‍ മന്ത്രിക്ക് ധൈര്യമുണ്ടോയെന്നുമായിരുന്നു വെല്ലുവിളി. പിന്നാലെ ഒളിവിലിരുന്ന് അര്‍ജുന്‍ ആയങ്കി വെല്ലുവിളി തുടരുകയായിരുന്നു.

Content Highlights: Akash Thillankeri supported Arjun Ayanki and criticised the Home Department over the police action against him

dot image
To advertise here,contact us
dot image