'ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്താത്തതിന്റെ ഫലം'; കാണാതായ ഷിജിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം

മൂന്ന് കുടുംബത്തിനും സഹായം നല്‍കണമെന്ന് എം വി ഗോവിന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

'ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്താത്തതിന്റെ ഫലം'; കാണാതായ ഷിജിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം
dot image

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം നേതൃത്വം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കളാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ഷിജിനെ കാണാതായിട്ട് എട്ട് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം കൃത്യമായി ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇത്രയും ദിവസമായി ഷിജിനേട്ടനെ കിട്ടിയില്ലെന്ന് പറഞ്ഞാണ് ഭാര്യ കരയുന്നത്. എല്ലാവരും കൂടി ഭര്‍ത്താവിനെ തിരിച്ചെത്തിക്കണമെന്ന് വാവിട്ട് കരഞ്ഞ് അഭ്യര്‍ത്ഥിക്കുകയാണ്. ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്താത്തതിന്റെ ദുരന്തമാണ് ആ വീട്ടില്‍ കാണുന്നത്. നാല് വയസായ ഹൃദ്രോഗത്തിന് ചികിത്സ തേടുന്ന കുട്ടിയുണ്ട്. പണ്ട് എല്‍ഡിഎഫ് ഉണ്ടായപ്പോള്‍ ഓഖി വന്നപ്പോല്‍ പുനരധിവസിപ്പിക്കാനും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിക്കും വേണ്ടി 20 ലക്ഷം വീതം സഹായം നല്‍കി. ഇതുപോലുള്ള കുടുംബങ്ങളെ സഹായിക്കാന്‍ ആ രീതിയിലുള്ള പാക്കേജ് സര്‍ക്കാര്‍ ഫലപ്രദമായി ചെയ്യണം', എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്തെ ജോണിന്റെ വീട്ടിലും ഇതുതന്നെയാണ് അവസ്ഥയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അവര്‍ മുഖ്യമന്ത്രിയോട് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്വാഭാവികമായും അവരുടെ വേദന കടിച്ചമര്‍ത്തിയാണ് ഈ പ്രതികരണം നടത്തുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇനി ആര്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുതെന്നാണ് അവര്‍ പറഞ്ഞത്. മൂന്ന് കുടുംബത്തിനും സഹായം വേണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ജോണിന്റെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സൈബര്‍ ആക്രമണം രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ രാഷ്ട്രീയം കലര്‍ത്തരുത്. വേവലാതി കൊണ്ട് അവര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്. ആ വേദന കണ്ടാല്‍ സൈബര്‍ ആക്രമണം നടത്താന്‍ പറ്റില്ല. ഈ സമയത്തല്ല ഈ ആക്രമണം നടത്തേണ്ടതെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Content Highlights: CPI(M) leaders visited the family of Shijin, a fisherman who went missing from Anchuthengu, amid ongoing concerns over the search and rescue efforts

dot image
To advertise here,contact us
dot image