'അനധികൃതമായി പാറ പൊട്ടിച്ചു, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച': മന്ത്രി P K കുഞ്ഞാലിക്കുട്ടി

പാണക്കാട്ടെ മണ്ണിടിച്ചിലിൽ മലപ്പുറം നഗരസഭയുടെ വാദം തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

'അനധികൃതമായി പാറ പൊട്ടിച്ചു, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച': മന്ത്രി P K കുഞ്ഞാലിക്കുട്ടി
dot image

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലില്‍ അനധികൃതമായി പാറപ്പൊട്ടിക്കല്‍ നടന്നില്ലെന്ന വാദം തള്ളി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണിടിച്ചില്‍ നടന്ന മേഖലയില്‍ അനധികൃതയമായി ഒന്നും നടന്നില്ലെന്ന മലപ്പുറം നഗരസഭാ ചെയര്‍പേഴ്സന്റെ വാദം പൂര്‍ണമായും തള്ളിയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് നൂറ് ശതമാനവും അനധികൃതമായ പാറ പൊട്ടിക്കലാണെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി അവിടെ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മണ്ണെടുപ്പിന് നഗരസഭ കൊടുത്ത അനുമതിയുടെ മറവില്‍ ആരും അറിയാതെയാണ് സ്ഥലം ഉടമ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ തന്റെ വകുപ്പായ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് പരസ്യമായി ശകാരിച്ചാണ് മന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടി സ്വീകരിക്കണമായിരുന്നു. അവര്‍ പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

'സംഭവസ്ഥലത്ത് പാറ പൊട്ടിക്കുന്നത് നാട്ടുക്കാര്‍ പറഞ്ഞ് അറിഞ്ഞതല്ല. ഒരിക്കല്‍ സ്‌ഫോടന ശബ്ദം ഞാന്‍ നേരിട്ട് കേട്ടിരുന്നു. അപ്പോള്‍ തന്നെ എന്റെ ഡ്യൂട്ടിയിലൂണ്ടായ പൊലീസുകാരെ വിട്ട് അന്വേഷിപ്പിച്ചിരുന്നു. പ്രദേശത്ത് പാറപ്പൊട്ടിക്കരുതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ അവര്‍ നിര്‍ത്താതെ പിന്നെയും പൊട്ടിച്ചിട്ടുണ്ട്. ആദ്യം പൊട്ടിച്ചതിന്റെ പ്രതിഫലനം ആകും തൊട്ടടുത്ത് മണ്ണിടിച്ചിലിന്റെ കാരണം. അയല്‍വാസികള്‍ എല്ലാം പറയുന്നത് കൃത്യമാണ്', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മന്ത്രിയോടൊപ്പം മലപ്പുറം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, എഡിഎം, ജിയോളജി ഉദ്യോഗസ്ഥരും എത്തിയിരുന്നു. പാണക്കാട് മണ്ണിടിച്ചിൽ പ്രകൃതി ദുരന്തമാണെന്നും മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പ് ആകാമെന്നും ദുരന്ത ദിവസം മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് പാറ പൊട്ടിക്കല്‍ നടന്ന സ്ഥല ഉടമയുടെ വാദം. ഇതിനിടയിലാണ് പാറ പൊട്ടിക്കല്‍ നടന്നുവെന്ന് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ഒരു തരത്തിലുള്ള പ്രശ്നവും പ്രദേത്ത് ഉണ്ടായിട്ടില്ലെന്നും ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍പേഴ്സണ്‍ റിനീഷ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മണ്ണിടിച്ചിലിന് തൊട്ടുമുമ്പ് പ്രദേശത്തിന് സമീപം പാറ പൊട്ടിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ സംഭവത്തില്‍ വ്യവസായ വകുപ്പ് നേരിട്ട് ഇടപെടുകയായിരുന്നു. വ്യവസായ വകുപ്പ് മലപ്പുറം ജിയോളജിസ്റ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചിരുന്നു.

Content Highlights: Minister PK Kunhalikutty says that illegal quarry blasting had taken place in the area affected by the Panakkad landslide and called for a detailed investigation.

dot image
To advertise here,contact us
dot image