മഴപെയ്തിട്ടും യുഎഇയിൽ അന്തരീക്ഷ താപനില ഉയരുന്നു; വിവിധ ഭാ​ഗങ്ങളിൽ 50 ഡിഗ്രിക്ക് മുകളിൽ ചൂട്

അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലുള്ള ഔതൈദിൽ ഉച്ചയ്ക്ക് താപനില 50.1 ഡിഗ്രി സെൽഷ്യസ് തൊട്ടു.

മഴപെയ്തിട്ടും യുഎഇയിൽ അന്തരീക്ഷ താപനില ഉയരുന്നു; വിവിധ ഭാ​ഗങ്ങളിൽ 50 ഡിഗ്രിക്ക് മുകളിൽ ചൂട്
dot image

വേനൽച്ചൂടിന് ആശ്വാസമായി മഴപെയ്തെങ്കിലും യുഎഇയിൽ ഉയർന്ന താപനിലയിൽ മാറ്റമില്ല. രാജ്യത്ത് പല ഭാ​ഗങ്ങളിലും ചൂട് 50 ഡി​ഗ്രി സെൽഷ്യസിന് മുകളിലെത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലുള്ള ഔതൈദിൽ ഉച്ചയ്ക്ക് താപനില 50.1 ഡിഗ്രി സെൽഷ്യസ് തൊട്ടു.

അൽ ദഫ്‌റയിലെ മെസൈറഅയിൽ 50 ഡിഗ്രിയും അൽ ഷവാമിഖിൽ 49.6 ഡിഗ്രിയും താപനില രേഖപ്പെടുത്തി. അബുദാബിയുടെ ഉൾപ്രദേശങ്ങളിലെ മരുഭൂമി മേഖലകളിലാണ് വൻ തോതിൽ ചൂട് അനുഭവപ്പെട്ടത്. അതേസമയം, വടക്കൻ മലയോര മേഖലകളിൽ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. 32.5 ഡിഗ്രി സെൽഷ്യസ് വരെയായി ഇവിടെ താപനില കുറഞ്ഞു.

കൊടുംചൂട് തുടരുമ്പോഴും രാജ്യത്തിന്റെ കിഴക്ക്, തെക്ക്, മധ്യ മേഖലകളിൽ ഉച്ചയ്ക്കും വൈകിട്ടുമായി നല്ല മഴ ലഭിച്ചു. അബുദാബി നഗരം, ഷാർജയിലെ അൽ മദം, ഫൈലി, റാസൽഖൈമയിലെ അൽ മനാമ, അൽ ഹനിയ, ഫുജൈറയിലെ തൗബാൻ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ഫൈലായ്, അൽ തമെദ് തുടങ്ങിയ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ അനുഭവപ്പെട്ടു.

പടിഞ്ഞാറൻ മരുഭൂമിയിൽ കടുത്ത ചൂടും മറ്റ് ചിലയിടങ്ങളിൽ മഴയും ഇടിമിന്നലുമുള്ള അപൂർവ്വ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ മാസത്തിന്റെ രണ്ടാം വാരം വരെ വേനൽച്ചൂടിന്റെ പരമ്പരാഗത ഉച്ചസ്ഥായിയായ 'ജംറത് അൽ ഖൈത്ത്' തുടരും. അതിനാൽ വരും ദിവസങ്ങളിലും മരുഭൂമി പ്രദേശങ്ങളിൽ കടുത്ത ചൂടും മറ്റ് ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Content Highlights: Despite recent rainfall, the UAE continues to experience intense heat, with temperatures exceeding 50°C in several regions. Authorities have urged residents to take precautions against extreme weather conditions.

dot image
To advertise here,contact us
dot image