പ്രതിഷേധിക്കുക എന്നത് ദേശവിരുദ്ധതയല്ല, പ്രതിഷേധിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്കുണ്ട്; RSS മേധാവി മോഹൻ ഭാഗവത്

വിദ്യാഭ്യാസം ഒരു കച്ചവടമല്ലെന്നും പ്രതിഷേധം സംഭാഷണത്തിനുള്ള മാർഗമാണെന്നും മോഹൻ ഭാ​ഗവത് ചൂണ്ടിക്കാണിച്ചു

പ്രതിഷേധിക്കുക എന്നത് ദേശവിരുദ്ധതയല്ല, പ്രതിഷേധിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്കുണ്ട്; RSS മേധാവി മോഹൻ ഭാഗവത്
dot image

മൂംബൈ: ജെൻ സിയെയും ജനറേഷൻ ആൽഫയെയും അഭിസംബോധന ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ നടക്കുന്ന ഐഐഎംയുഎൻ (IIMUN) വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മോഹൻ ഭാഗവതിൻ്റെ അഭിസംബോധന. യുവാക്കൾ മറ്റു തലമുറയിൽ ഉള്ളവരെക്കാൾ സത്യസന്ധരാണെന്ന് മോഹൻ ഭാ​ഗവത് വ്യക്തമാക്കി. പ്രതിഷേധിക്കുക എന്നത് ദേശവിരുദ്ധതയല്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്കുണ്ടെന്നും ആർഎസ്എസ് അധ്യക്ഷൻ ചൂണ്ടിക്കാണിച്ചു. യുവാക്കളുടെ പ്രതിഷേധം സത്യസന്ധമായിരുന്നു. അവരുടെ വിഷമങ്ങൾ സത്യസന്ധമായിരുന്നു. പ്രതിഷേധങ്ങൾ ന്യായമായിരുന്നു. മികച്ച സിസ്റ്റത്തിനായുള്ള പ്രതിഷേധം അംഗീകരിക്കാവുന്നതാണെന്നും മോഹൻ ഭാ​ഗവത് വ്യക്തമാക്കി.

'പ്രതിഷേധവും സംവാദത്തിൻ്റെ ഒരു മാർഗമാണ്. നമ്മൾ ഇവിടെ ഇരുന്ന് ചർച്ച ചെയ്യുകയാണ്. പരസ്പരം കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ കഴിയുന്നുവെങ്കിൽ അത് നല്ലതാണ്. ഇല്ലെങ്കിൽ ചർച്ച തുടരും. നിങ്ങൾക്കോ എനിക്കോ ഒരു ബുദ്ധിമുട്ട് നേരിടുമ്പോൾ, അതിന്റെ പരിഹാരം നിങ്ങളുടെ കൈകളിലോ എന്റെ കൈകളിലോ ഉണ്ടായിട്ടും അത് നടപ്പാകുന്നില്ലെങ്കിൽ, ഞാൻ ശബ്ദമുയർത്തുകയും അതിന്റെ അടിയന്തര സ്വഭാവം ചൂണ്ടിക്കാട്ടി പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്യും' എന്നായിരുന്നു മോഹൻ ഭാഗവത് പറഞ്ഞത്.

“ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ ഏകാഭിപ്രായം രൂപപ്പെടുത്താനുള്ള ഒരു മാർഗമാണ്. പലവിധ അഭിപ്രായങ്ങൾ ഒരുമിച്ച് വരുന്നു. ചർച്ചകളിലൂടെ അതിൽ നിന്ന് ഒരു സമവായം രൂപപ്പെടുന്നു. ആ ചർച്ച സംവാദത്തിലൂടെയാകാം. എന്നാൽ വിവിധ കാരണങ്ങളാൽ ഒരു ആശങ്ക കേൾക്കപ്പെടാതെ പോകുമ്പോൾ, ഒരാൾ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ഇടയാകും. എന്നാൽ ഈ എല്ലാ ഘട്ടങ്ങളും വിഭജനമുണ്ടാക്കാനല്ല, ഏകാഭിപ്രായം വളർത്തിയെടുക്കാനായിരിക്കണം എന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം ഒരു കച്ചവടമല്ലെന്നും പ്രതിഷേധം സംഭാഷണത്തിനുള്ള മാർഗമാണെന്നും മോഹൻ ഭാ​ഗവത് ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു. പെല്ലറ്റ് ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ച് എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ലായിരുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യൂണൈറ്റ് നേഷൻസ് (IIMUN)-ന്റെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ജെൻ സിയെയും ജനറേഷൻ ആൽഫയെയും മോഹൻ ഭാ​ഗവത് അഭിസംബോധന ചെയതത്. ഇന്ത്യയിലെ 100-ലധികം നഗരങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം വിദ്യാർഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 15 മുതൽ 19 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾ രാജ്യത്തെ വിവിധ സ്‌കൂളുകളെയും കോളേജുകളെയും പ്രതിനിധീകരിച്ചാണ് പങ്കെടുക്കുന്നത്. യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായി ഈ സമ്മേളനം വിലയിരുത്തപ്പെടുന്നു.

Content Highlights: RSS chief Mohan Bhagwat said that protesting is not anti-national and emphasized that students have the democratic right to express dissent through peaceful protests.

dot image
To advertise here,contact us
dot image