

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7നോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ (MFAI)-ന്റെ നേതൃത്വത്തില്‍ 17 രാജ്യങ്ങളിലായി 40,000 പേര്‍ രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകര്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായില്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 25,000 പേര്‍ രക്തദാനത്തില്‍ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്തദാന ക്യാമ്പുകള്‍ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള്‍ ആസൂത്രണം ചെയ്തുവരികയാണ്.
അതേസമയം, കേരളത്തില്‍ അനാഥാലയങ്ങളില്‍ അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിസര ശുചീകരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള ഘടകം. മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലന്‍ പീറ്റര്‍ പത്തനംതിട്ടയില്‍ അറിയിച്ചു.വിശദവിവരങ്ങള്‍ക്ക് +917034634369 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: 40,000 people will donate blood as part of Mammootty's birthday celebrations. The goal this time is for 40,000 people across 17 countries to donate blood.