

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ രാഷ്ട്രീയ ഇടപെടല്‍ സംശയിച്ച് എസ്‌ഐടി. ഇടത് സംഘടനാ നേതാക്കളുടെ നിയമനത്തിലാണ് സംശയം ശക്തമാകുന്നത്. ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ പ്രതാപിനാണ് നിയമനം ലഭിച്ചത്. അരുണ്‍ ജെ പ്രതാപിനെ കുഴക്കിയ ചോദ്യങ്ങള്‍ ഒഴിവാക്കിയായിരുന്നു മൂല്യനിര്‍ണയം. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫായാണ് അരുണിന് നിയമനം ലഭിച്ചത്. ഇടത് സംഘടനാ പ്രവര്‍ത്തകനാണ് അരുണ്‍ ജെ പ്രതാപ്.
പത്ത് ചോദ്യങ്ങളാണ് മൂല്യനിര്‍ണയത്തില്‍ ഒഴിവാക്കിയത്. പരീക്ഷയെഴിതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും പത്ത് ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിടുകയായിരുന്നു. 58 മാര്‍ക്കിനുള്ളതായിരുന്നു ചോദ്യങ്ങള്‍. ഈ 10 ചോദ്യങ്ങളില്‍ ആറ് ചോദ്യങ്ങള്‍ക്കും അരുണ്‍ ഉത്തരം എഴുതിയില്ല. ഒരു ചോദ്യത്തിന് രണ്ടു വരി മാത്രമാണ് ഉത്തരം എഴുതിയത്. ഒഴിവാക്കിയ ഉത്തരങ്ങളില്‍ മൂല്യനിര്‍ണയം നടത്തിയിരുന്നെങ്കില്‍ അരുണ്‍ ജെ പ്രതാപിന് ഒന്നാം റാങ്ക് ലഭിക്കില്ലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
അരുണിനെ സഹായിക്കാന്‍ മൂല്യനിര്‍ണയവും അട്ടിമറിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വിഷയത്തില്‍ പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന്റെ പങ്കാളിത്തവും എസ്‌ഐടി പരിശോധിക്കും. ഉത്തര കടലാസുകള്‍ ചട്ടവിരുദ്ധമായി ചെയര്‍മാന്‍ പരിശോധിച്ചതായാണ് സംശയം. വിശദമായ അന്വേഷണത്തിനാണ് എസ്‌ഐടി തയ്യാറെടുക്കുന്നത്.
അതേസമയം പിഎസ്‌സി കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ അട്ടിമറിക്കാന്‍ ചെയര്‍മാന്‍ എം ആര്‍ ബൈജു ഇടപെട്ടുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിയുടെ പരാതിയില്‍ അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഒഴിവ് നികത്താതെ റാങ്ക് പട്ടിക റദ്ദാക്കാന്‍ എം ആര്‍ ബൈജു നിര്‍ദേശം നല്‍കിയെന്നാണ് പരാതി. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെയായിരുന്നു റാങ്ക് പട്ടിക റദ്ദാക്കിയത്. കേരഫെഡില്‍ 23 ഒഴിവുകള്‍ നിലനില്‍ക്കെയായിരുന്നു വിവാദ നിക്കമെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ പിഎസ്‌സി ക്രമക്കേട് അന്വേഷണങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. ഇതുവരെ 90ലേറെ പരാതികളാണ് എസ്ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധിക്കും. പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കാനും നീക്കമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: The SIT probing the PSC exam irregularities has reportedly suspected political interference, while the appointment of a Left-affiliated leader has sparked fresh controversy.