ഏബല്‍ അഗസ്റ്റിനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ; രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ഇതോടെ ഏബലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി

ഏബല്‍ അഗസ്റ്റിനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ;  രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു
dot image

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസില്‍ പ്രതിയായ ഏബല്‍ അഗസ്റ്റിനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ കോളേജ് പൊലീസ് രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഏബലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. ഏബലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

സംഭവത്തില്‍ ഇന്നലെ വിദ്യാര്‍ത്ഥികള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് നടപടിയില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ഒന്നില്‍ കൂടുതല്‍ പരാതി ഉണ്ടായിട്ടും വ്യത്യസ്ത എഫ്ഐആറുകള്‍ ഇടാനോ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനോ ആദ്യം പൊലീസ് തയ്യാറായില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നത്. പ്രതിഷേധമുണ്ടായപ്പോള്‍ മാത്രമാണ് മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായതെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ നീതി ഉറപ്പാക്കണമെന്നുമായിരുന്നു ആവശ്യം. ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഏബല്‍ അഗസ്റ്റിന്‍. വയനാട് കാക്കവയല്‍ സ്വദേശിയും മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുമായ ഏബല്‍ കേസിലെ ഒന്നാം പ്രതിയാണ്. സംഭവത്തില്‍ ഇരുപതിലേറെ വിദ്യാര്‍ത്ഥിനികള്‍ ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏബലിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലുമായിരുന്നു സസ്പെന്‍ഷന്‍. പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണ് എന്ന് ആരോപിച്ച് നൂറോളം വിദ്യാര്‍ത്ഥികള്‍ നേരത്തെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തിയത് കൊണ്ടാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചതെന്നാണ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്‍എച്ച് സാലിഹ് ആരോപിച്ചത്.

Content Highlights: Medical College Morphing Case, Police Register Two More FIRs Against Accused Abel Augustine

dot image
To advertise here,contact us
dot image