ടാര്‍ ചെയ്ത ദിവസങ്ങൾക്കുള്ളിൽ റോഡ് പൊളിഞ്ഞു; ഒന്നല്ല, രണ്ടുതവണ; മണ്ണെണ്ണ പ്രയോഗം കണ്ടെത്തിയതോടെ ഞെട്ടൽ

മാസങ്ങള്‍ക്ക് മുമ്പാണ് റോഡ് നവീകരണം നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നു

ടാര്‍ ചെയ്ത ദിവസങ്ങൾക്കുള്ളിൽ റോഡ് പൊളിഞ്ഞു; ഒന്നല്ല, രണ്ടുതവണ; മണ്ണെണ്ണ പ്രയോഗം കണ്ടെത്തിയതോടെ ഞെട്ടൽ
dot image

തിരുവനന്തപുരം: ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടത്തിയ റോഡ് മണ്ണെണ്ണയൊഴിച്ച് കേടാക്കിയതായി പരാതി. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കാറാത്തല-പുള്ളിയില്‍ റോഡിലെ 400 മീറ്ററോളം ഭാഗത്താണ് സംഭവം. സംഭവത്തില്‍ പരാതി നല്‍കിയിട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണം ഉയര്‍ന്നു. കരാറുകാരനും പഞ്ചായത്ത് സെക്രട്ടറിയുമാണ് പരാതി നല്‍കിയത്.

മാസങ്ങള്‍ക്ക് മുമ്പാണ് റോഡ് നവീകരണം നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നു. റോഡ് ഇളകിയ ഭാഗം വീണ്ടും ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കരാറുകാരന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ നാട്ടുകാര്‍ വിജിലന്‍സില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കരാറെടുത്തയാളുടെ ബില്ല് തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതോടെ കരാറുകാരന്‍ ഒരാഴ്ച മുമ്പ് റോഡ് വീണ്ടും ടാര്‍ ചെയ്ത് നവീകരിച്ചു. 5.5ലക്ഷം രൂപ കടമെടുത്തായിരുന്നു റോഡ് നവീകരണം. എന്നാല്‍ ബുധനാഴ്ച രാവിലെ റോഡിന്റെ പലഭാഗങ്ങളും പൊളിഞ്ഞു തുടങ്ങിയിരുന്നു. വിവരം അറിഞ്ഞെത്തിയ കരാറുകാര്‍ റോഡിന്റെ രണ്ടുവശവും കെട്ടിയടച്ച് പരിശോധന നടത്തി. റോഡ് പൊളിഞ്ഞ ഭാഗങ്ങളില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടെന്നും മനപൂര്‍വ്വം റോഡ് പൊളിക്കാന്‍ ശ്രമം ഉണ്ടായെന്ന സംശയം ഉന്നയിക്കുകയും ചെയ്തു. ഇതിനിടെ പൊലീസും സ്ഥലത്തെത്തിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ടാണ് കരാറുകാരനും പഞ്ചായത്ത് സെക്രട്ടറിയും പൊലീസില്‍ പരാതി നല്‍കിയത്.

Content Highlights: A complaint alleges that a district panchayat road renovated at a cost of ₹30 lakh was deliberately damaged by pouring kerosene, prompting demands for an investigation

dot image
To advertise here,contact us
dot image