

കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പാറ്റകളുടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമാണെന്ന് എം ടി രമേശ് പറഞ്ഞു. പിന്നില്‍ ആരാണ് എന്നത് വ്യക്തമായി എന്നും വിദേശ ഫണ്ട് വരുന്നു എന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും എം ടി രമേശ് പറഞ്ഞു. നേരത്തെ നടന്ന സമരങ്ങളിലും വിദേശ ഫണ്ട് വന്നിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമരം നടക്കുന്നതെന്നും എം ടി രമേശ് ആരോപിച്ചു.
സമരക്കാരുടെ ആവശ്യം എന്താണെന്ന് വ്യക്തമല്ലെന്നും ഇന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ലെന്നും എം ടി രമേശ് പറഞ്ഞു. പിഎസ്‌സി പരീക്ഷ റദ്ദാക്കിയത് ഗൗരവമുളള കാര്യമാണെന്നും കേരളത്തില്‍ പിഎസ്‌സിയെ നന്നാക്കിയിട്ട് വേണം ഡല്‍ഹിയില്‍ സമരം നടത്താന്‍ എന്നും എം ടി രമേശ് വിമർശിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പാരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ആരോപണങ്ങളില്‍ പരാതി ലഭിച്ചിട്ടില്ല. വിവാദങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചിട്ടുണ്ട് എന്നുമാണ് എം ടി രമേശ് പറഞ്ഞത്. മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നും പറഞ്ഞ എം ടി രമേശ്, പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാർത്ഥികളും പ്രതിപക്ഷ എം പിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് നരേന്ദ്ര മോദി അറിയിച്ചത്. പാർലമെന്റിന്റെ നിലവിലെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബിൽ എത്രയും വേഗം പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. 'ഇത് നിസാരമായി കാണാനാകുന്ന വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്' എന്നായിരുന്നു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. 'വിദ്യാർഥികൾക്ക് ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാൻ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അതിനാൽ എത്രയും വേഗം പരീക്ഷ വീണ്ടും നടത്തേണ്ടത് അനിവാര്യമായിരുന്നു'വെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: BJP Vice President MT Ramesh alleges that the CJP (Cockroach Janta Party) protest is politically motivated and demands a comprehensive probe into its foreign funding.