KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി

ചില കോണുകളില്‍ നിന്ന് ഉണ്ടാകുന്ന അപസ്വരങ്ങള്‍ വികട സരസ്വതിയായി കാണാമെന്നും നാഷാദ് അലി

KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി
dot image

തിരുവനന്തപുരം: കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ പി നാഷാദ് അലി എംഎല്‍എ. കെഎസ്‌യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് നൗഷാദ് അലി പറഞ്ഞു. പ്ലീഡര്‍ നിയമനം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ നിയമപരമായി തെറ്റില്ലെന്നും നൗഷാദ് അലി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കൂടുതല്‍ വിമര്‍ശനം ഉയരുന്നതിനിടയിലാണ് കെ പി നാഷാദ് അലിയുടെ ന്യായീകരണം.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഒറ്റപ്പെടുമെന്നും നൗഷാദ് അലി പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല. വിമര്‍ശിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണ് ചെയ്യുന്നത്. ഇതിന്റെ പരിണിത ഫലം രാഷ്ട്രീയ ആത്മഹൂതിയായിരിക്കും. ചില കോണുകളില്‍ നിന്ന് ഉണ്ടാകുന്ന അപസ്വരങ്ങള്‍ വികട സരസ്വതിയായി കാണാമെന്നും നാഷാദ് അലി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്‌യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് ചോദിച്ചിരുന്നു. കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്‌യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും അലോഷ്യസ് പ്രതികരിച്ചു. 'നെടികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം ധിക്കാരികള്‍' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസ് പ്രതികരിച്ചത്. വിരല്‍ ചൂണ്ടുന്ന ഒരു ചിത്രവും അലോഷ്യസ് പങ്കുവെച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച് കെഎസ് യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെകെബിയും രംഗത്തെത്തി. മുക്കാല്‍ പിണറായിയെ അല്ല അധികാരത്തില്‍ ഇരുത്തിയതെന്നും കെഎസ്‌യുവിനെതിരെ പറഞ്ഞതൊക്കെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആദില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ അലോഷ്യസ് സേവ്യര്‍ ശ്രമം നടത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതും വിമര്‍ശനത്തിന് ഇടയാക്കി. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് രംഗത്തെത്തിയിരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും ആര്‍ വി ബാബുവിനോടും കാണിച്ച അനുഭാവ പൂര്‍ണമായ സമീപനമെങ്കിലും കാണിക്കൂ എന്നായിരുന്നു വി ആര്‍ അനൂപിന്റെ പ്രതികരണം.

Content Highlights- K P Noushad Ali defended the Chief Minister's remarks against KSU, stating that there was nothing wrong with the comments.

dot image
To advertise here,contact us
dot image