'അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായി'; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍

സംഘടനയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടില്ലെന്നും താര സംഘടന നടത്തിവരുന്ന എല്ലാ സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്

'അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായി'; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
dot image

കൊച്ചി: താരസംഘടന അമ്മയിലെ വിവാദത്തില്‍ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍ കമ്മറ്റി രംഗത്ത്. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അത് തിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും കത്തില്‍ പറയുന്നു. കൂടുതല്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സംഘടനയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടില്ലെന്നും താര സംഘടന നടത്തിവരുന്ന എല്ലാ സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുകയാണെന്നാണ് കത്തില്‍ പറയുന്നത്. അമ്മയിലെ ഓരോ അംഗത്തിന്റെയും ക്ഷേമവും സുരക്ഷയും സംഘടനയുടെ ഐക്യവും കാത്തുസൂക്ഷിക്കുന്നതാണ് തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനയെന്നും കത്തിലുണ്ട്. ഇപ്പോള്‍ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നും നിര്‍വഹിച്ചുവരുന്നതായും അതിനാല്‍ 2026 ജൂണ്‍ 21 മുതല്‍ ഇന്നുവരെ അമ്മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും സേവനപദ്ധതികള്‍ക്കും യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും വിശദീകരണമുണ്ട്.

അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷമായിരുന്നു ശ്വേതാ മേനോന്‍ പ്രസിഡന്റായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിക്കുന്നത്. പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റി അധികാരമേറ്റെടുക്കുന്നത്. എന്നാല്‍ മുന്‍ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് പ്രതിസന്ധിയായി. അതിനിടെയാണ് അഡ്ഹോക്ക് കമ്മിറ്റി ചട്ട വിരുദ്ധമാണെന്ന് കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുന്നത്. ജനറല്‍ ബോഡിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിരപരാധിത്വം തെളിയിച്ചിട്ടെ പടിയിറങ്ങൂ എന്നായിരുന്നു നിലപാട്. ചട്ടം പരിഗണിച്ച കോടതി ശ്വേതാ മേനോന്‍ ജനറല്‍ സെക്രട്ടറിയായ പഴയ കമ്മിറ്റിക്ക് തന്നെ തിരഞ്ഞെടുപ്പ് വരെ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു. പിന്നാലെ അഡ്ഹോക് കമ്മിറ്റിയില്‍ നിന്ന് പിഷാരടി രാജിവെച്ചിരുന്നു. ഇതിനിടെയാണ് രമേഷ് പിഷാരടിയുടെ ഫോണ്‍ സംഭാഷണം പുറത്തു വരുവന്നത്. ഇത് സമൂഹ മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

താരസംഘടനയിലെ തമ്മിലടി രൂക്ഷമായതിന് പിന്നാലെ രാജി വെക്കുന്നതായി അറിയിച്ച് അഡ്ഹോക് കമ്മിറ്റിയും രംഗത്തെത്തി. അഡ്ഹോക്ക് കമ്മിറ്റി നിയമയുദ്ധത്തിനില്ലെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നത്. മുന്‍ കമ്മിറ്റിയുടെ കയ്യില്‍ നിന്നും വാങ്ങിയ അധികാരങ്ങള്‍ തിരികെ നല്‍കിയതായും അറിയിച്ചിരുന്നു. താക്കോലുകള്‍, വൈഫൈ പാസ്സ്വേര്‍ഡ്, ഇമെയില്‍ പാസ്സ്വേര്‍ഡ്, രേഖകള്‍ എന്നിവ തിരികെ നല്‍കിയെന്നാണ് അറിയിച്ചിരുന്നത്. അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെ വിളിച്ചുവരുത്തി തിരികെ കൈമാറുകയായിരുന്നു. കോടതി ഇടപെടലില്‍ ജനറല്‍ ബോഡി അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്നായിരുന്നു അഡ്ഹോക്ക് കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം.

Content Highlights: Amid the ongoing AMMA controversy, the Swetha Menon Committee has addressed members through an open letter, admitting mistakes arising from inexperience and stating that corrective measures are already underway. The committee also assured that the association's day-to-day activities and member welfare initiatives will continue without disruption.

dot image
To advertise here,contact us
dot image